കുവൈത്തിലെ മംഗഫില്‍ തീപിടിത്തത്തിൽ തൃശൂർ ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. അപകടം നടന്നതിന് പിന്നാലെ ബിനോയ് തോമസിനെ കുറിച്ച് വിവരങ്ങൾ ഒന്നും ബന്ധുകൾക്ക് ലഭിച്ചിരുന്നില്ല. അപകടം നടന്ന ഫ്ലാറ്റിലെ 6ാമത്തെ നിലയിലായിരുന്നു ബിനോയ് താമസിച്ചിരുന്നത്. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് വരെ ബിനോയ് ഓൺലൈനിൽ ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകട വിവരം അറിഞ്ഞത്. എന്നാൽ പരുക്കുകളോടെ രക്ഷപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് മരണ വാർത്ത എത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. സാമ്പത്തിക പ്രയാസം നേരിട്ട കുടംബം വാടക വീട്ടിലായിരുന്നു ഇതുവരെ താമസിച്ചത്. കുറച്ചു നാളുകൾക്ക് മുൻപാണ് സ്വന്തമായി ഷെഡ് നിർമ്മിച്ച് അതിലേക്ക് താമസം മാറ്റിയത്. സ്വന്തമായി വീട് എന്ന സ്വപ്നവുമായാണ് ബിനോയ് കഴിഞ്ഞയാഴ്ച കുവൈത്തിലേക്ക് പോകുന്നത്. നാട്ടുകാർക്ക് പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണാ ജോര്‍ജ് യാത്ര തിരിക്കും.
ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ എല്ലാം ചെയ്യും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷവും നല്‍കും.