ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാർക്കുള്ള പതിവ് ഗുഡ്മോണിങ് സന്ദേശം അയച്ചു. എന്നാൽ ജോലിക്കു പോകുന്നതനു മുൻപുള്ള പതിവു ഫോൺ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. ഇതോടെ ആശങ്കയായി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.
തീപിടിത്തത്തെപ്പറ്റി ടിവിയിൽ വാർത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയിൽ ആശങ്കയേറി. ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്സും ലൂക്കോസിന്റെ മാതാപിതാക്കളായ സി.ഉണ്ണുണ്ണിയും കുഞ്ഞമ്മയും കണ്ണീരും ആശങ്കയും പ്രാർഥനയുമായി മണിക്കൂറുകൾ തള്ളി നീക്കുകയായിരുന്നു. മരിച്ച മലയാളികളിൽ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ തകർന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കു ശേഷം ലൂക്കോസിന്റെ മരണ വാർത്തയും എത്തി. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും ലൂക്കോസിന്റെ മകൾ എ പ്ലസ് നേടിയിരുന്നു. മകളുടെ കോളജ് അഡ്മിഷനു വേണ്ടിയാണ് സാജൻ നാട്ടിലേക്ക് വരാനിരുന്നത്. 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻബിടിസി കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറാണ്.
കുവൈത്തിലെ മംഗഫില്‍ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ലൂക്കോസ് അടക്കം 24 മലയാളികളാണ് മരിച്ചത്, ആകെ മരണം 49. ഇതില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണ ജോര്‍ജ് യാത്ര തിരിക്കും. ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.
ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷവും നല്‍കും.