'കടമൊക്കെ വീട്ടി ഒരു വീട് വച്ചിട്ട് കേറി വരാം, കുഞ്ഞമ്മ ലോണിനുള്ള കാര്യങ്ങള്‍ ശരിയാക്കണം,' രണ്ടാഴ്ച മുമ്പ് കുവൈത്തില്‍ നിന്നും നാട്ടിലേക്ക് തിരികെ പോയ മാതൃസഹോദരിയെ യാത്രയാക്കുമ്പോള്‍ വീട് പണിയാനുള്ള കാര്യങ്ങളും അരുണ്‍ ബാബു പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ അരുണ്‍ യാത്രയായിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ തിരുവനന്തപുരം കുര്യാത്തി സ്വദേശി അരുണ്‍ ബാബുവും മരിച്ചുവെന്ന് കുടുംബം അറിയുന്നത്.
37 വയസുകാരനായ അരുണ്‍ 13 വയസും മൂന്ന് വയസും പ്രായമുള്ള പെണ്‍കുട്ടികളുടെ പിതാവ് കൂടിയാണ്. എട്ട് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്നു. കൊറോണ കാലത്ത് തിരിച്ചുവന്ന അരുണ്‍ എട്ട് മാസം മുമ്പ് പുതിയ വിസയില്‍ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെ ജോലിക്ക് കയറിയിരുന്നു.
കുവൈത്തില്‍ തന്നെ ജോലി ചെയ്തിരുന്ന അരുണിന്‍റെ മാതൃസഹോദരി സമീപത്തുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. അപകടം നടന്നപ്പോള്‍ തന്നെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും അരുണ്‍ ഫോണെടുത്തില്ല. മാതൃസഹോദരി സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചെങ്കിലും മിസിങ്ങാണെന്ന വിവരമാണ് ലഭിച്ചത്. ഒടുവില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറച്ച് വന്നപ്പോള്‍ മോര്‍ച്ചറിയില്‍ തിരിച്ചറിയപ്പെടാതെ കിടന്ന മൃതദേഹങ്ങളില്‍ അരുണുമുണ്ടായിരുന്നു.
അരുണിന്‍റെ അമ്മയോട് മരണവിവരം ഇതുവരെ അറിയിച്ചില്ലെന്ന് മാതൃസഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് മകള്‍ മരിച്ച ആഘാതം വിട്ടുമാറാത്ത അമ്മയോട് മകനും കൂടി പോയ വിവരം എങ്ങനെ പറയുമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കള്‍.