പത്തനംതിട്ട കൊടുമണ്ണില്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഒരു കയ്യേറ്റവും നടത്തിയിട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. ഓടയുടെ ഗതിമാറ്റിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫും പറഞ്ഞു. ഓടയുടെ അലൈന്‍മെന്‍റ് മാറ്റി എന്നാരോപിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടരുകയാണ്. പ്രതികരണത്തിന് പാര്‍ട്ടി വിലക്കുണ്ടെന്ന് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
മന്ത്രി വീണ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫല്ല കോണ്‍ഗ്രസാണ് കയ്യേറ്റം നടത്തിയത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. കലക്ടര്‍ക്ക് പരാതി നല്‍കും. സമീപത്തെ ട്രാന്‍സ്ഫോര്‍മറ്‍ മാറ്റാന്‍ ഫണ്ട് വകയിരുത്താത്തത് കൊണ്ടാണ് ഓടയുടെ ഗതിമാറ്റം. ജോര്‍ജിനെതിരെ നിലപാടെടുത്ത സിപിഎം ജില്ലാക്കമ്മിറ്റിയംഗവും കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ.ശ്രീധരന്‍റെ പരാമര്‍ശങ്ങള്‍ ഗൗരവമായി പരിശോധിക്കും. കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് താന്‍ അവിടെ പോയതെന്നും കെ.പി. ഉദയഭാനു പറഞ്ഞു.
കെട്ടിടത്തിന് മുന്നില്‍ 17 മീറ്റര്‍ വീതിയുണ്ടെന്നും എങ്ങനെയും പണിയാമെന്നും മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പറഞ്ഞു. വീണ ജോര്‍ജ് മന്ത്രിയാകുന്നതിനും മുന്‍പ് അലൈന്‍മെന്‍റ് പൂര്‍ത്തിയായ റോഡാണെന്നും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ഓടയുടെ ഗതിമാറ്റം കൊടുമണ്‍ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് കുപ്പിക്കഴുത്താക്കും എന്നാണ് യുഡിഎഫ് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി നിര്‍മാണത്തില്‍ ഇടപെട്ടത് അട്ടിമറിയുടെ തെളിവാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.