നടവഴി പോലുമില്ലാതെ ദുരിത ചിറയില്‍ ജീവിതം തള്ളി നീക്കി ചെല്ലാനം വാടച്ചിറയിലെ എഴുപതോളം കുടുംബങ്ങള്‍. ചെമ്മീന്‍ പാടങ്ങള്‍ക്ക് നടുവിലെ കലുങ്കിലൂടെ അപകടം മുന്നില്‍ കണ്ടാണ് കാലങ്ങളായുള്ള യാത്ര. ഇവരുടെ ദുരിതം ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും.
അപകടഭീതിയില്ലാതെ വീടണയണം. അതാണ് ഇവരുടെ ആഗ്രഹം. ചെറുമഴയില്‍ പോലും വീടുകളിലെല്ലാം വെള്ളം കയറും. അടച്ചുറപ്പുള്ള വീടെന്ന ചില കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പോലും നടവഴിയില്ലെന്ന കാരണം തടസമാവുകയാണ്. വീട്ടിലേക്ക് വാഹനം കയറുന്ന വഴിയില്ലാത്തതിനാല്‍ ബാങ്കുകാര്‍ ലോണ്‍ നല്‍കില്ല. അങ്ങിനെ ദുരിത കഥകള്‍ മാത്രമാണ് വാടച്ചിറക്കാര്‍ക്ക് പങ്ക് വയ്ക്കാനുള്ളത്.
ഒരു വഴിക്കായുള്ള ഇവരുടെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ചെല്ലാനം മാലാഖപ്പടിയില്‍ നിന്ന് വാടച്ചിറയിലേക്കെത്താനുള്ള ഏക യാത്രാമാര്‍ഗമാണ് ചെമ്മീന്‍ പാടത്തിനും ഒാര് വെള്ളം കയറികിടക്കുന്ന ചതുപ്പിനും ഇടയിലുള്ള കഷ്ടിച്ച് മൂന്നടിമാത്രം വീതിയിലുള്ള ഈ കലുങ്ക്. എം.പി ഫണ്ടില്‍ നിന്ന് ഹൈബി ഈഡന്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് 200 മീറ്ററോളം റോഡ് നിര്‍മിച്ചു. ഒരു പാലമടക്കം പുനര്‍നിര്‍മിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അന്‍പത് ലക്ഷം രൂപ ഇനിയും വേണം.
നിരന്തരം പരാതി പറഞ്ഞിട്ടും സ്ഥലം എംഎല്‍എ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്നും വാടച്ചിറക്കാര്‍ പരാതി പറയുന്നു. ജില്ലാ പഞ്ചായത്തും ഇവരോട് കനിവ് കാട്ടുന്നില്ല. റോഡെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനി എത്ര കാലം കൂടി ഇവര്‍ കാത്തിരിക്കണം.