കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ നാളത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.
തീപിടിത്തതിൽ 11 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. ഇവരിൽ പതിനഞ്ചുപേർ ഇന്ത്യക്കാരാണ്. പതിനാറ് പേരെ തിരിച്ചറിയാൻ ആയിട്ടില്ല. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പരുക്കേറ്റവരിൽ ഏഴുപേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ സന്ദർശിച്ച ഇന്ത്യൻ സ്ഥാനപതി എല്ലാ സഹായവും ഉറപ്പ് നൽകി. കുവൈത്ത് അൽ അഹ്മദി ഗവർണറേറ്റിലെ മംഗെഫ് ബ്ലോക്ക് നാലിലെ ഏഴ് നിലകെട്ടിടത്തിൽ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാംപാണ് കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ സുരക്ഷാ ജീവനക്കാരന്റെ മുറിയിലെ ഗ്യാസിൽ നിന്ന് തീ പടർന്ന് ഷോർട് സർക്യൂട്ട ഇടയാക്കുകയായിരുന്നെന്ന് കണ്ടെത്തി. സമീപത്തെ ഗ്യാസ് സിലിണ്ടറുകളിലേക്ക് പടർന്ന തീ പെട്ടെന്ന് കെട്ടിടമാകെ ആളി പടരുകയായിരുന്നു
രാത്രി ജോലി കഴിഞ്ഞെത്തി തളർന്നുറങ്ങുകയായിരുന്നു തൊഴിലാളികളാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു. താഴത്തെ നിലയിൽ നിന്ന് തീ പടരുന്നത് കണ്ട് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദാൻ, ജബൈര്‍ , മുബാറക് ആശുപത്രികളിലായി പ്രവേശിപ്പിച്ചവരിൽ 45 പേർ ഇന്ത്യക്കാരാണ്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക നേരിട്ടെത്തി സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് ക്യാംപിൽ കഴിയുന്നത്. അഗ്നിശമനസേനയും പൊലീസും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. തൊട്ടടുത്തായി ധാരാളം കെട്ടിടങ്ങളുള്ള റസിഡൻഷ്യൽ മേഖലയാണ് മംഗെഫ്.