sevens-football

TOPICS COVERED

സെവൻസ് കളിക്കാന്‍ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് കഴിഞ്ഞ ആറു മാസമായി പണം നൽകാതെ കബളിപ്പിച്ചു. ഐവറികോസ്റ്റില്‍ നിന്നുളള കാങ്ക കൗസിയാണ് പരാതിയുമായി മലപ്പുറം എസ്.പിയെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കിയപ്പോള്‍ താരം പൊട്ടി കരഞ്ഞു. 

 

മഞ്ചേരി നെല്ലിക്കുത്ത് എഫ് സി ക്ലബിന്‍റെ പേരില്‍ കഴിഞ്ഞ ജനുവരിയിലാണ് ഐവറി കോസ്റ്റ് താരം കാങ്ക കൗസി മലപ്പുറത്ത് എത്തിയത്. ഏജന്റായ കെ.പി. നൗഫലിന്‍റെ പേരിലാണ് രേഖകളെല്ലാം. ഓരോ മല്‍സരത്തിനും 2500 രൂപ വീതം നല്‍കാമെന്ന് സമ്മതിച്ചാണ് കേരളത്തിലേക്ക് വന്നതെന്നാണ് താരം പറയുന്നത്. എന്നാൽ സീസണിൽ ആകെ കളിപ്പിച്ചത് രണ്ടു മല്‍സരങ്ങളിൽ മാത്രം. വാഗ്‌ദാനം ചെയ്ത താമസ സൗകര്യവും ഭക്ഷണവും കിട്ടിയില്ല.  

വിസാ കാലാവധി അടുത്ത മാസം മൂന്നിനു തീരും.  തിരിച്ച് പോകാനുള്ള ടിക്കറ്റ് പോലും നല്‍കുന്നില്ലെന്നാണ് പരാതി. എന്നാല്‍ താരത്തെ കേരളത്തില്‍ എത്തിച്ചതുമായി ബന്ധമില്ലെന്നാണ് നെല്ലിക്കുത്ത് എഫ്സി ക്ലബ് പറയുന്നത്. ക്ലബിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയണ് ഐവറി കോസ്റ്റ് താരത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്. അന്വേഷണം നടത്തണമെന്ന് ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. എസ്പി ഓഫീസിൽ എത്തിയ കൗസിക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നൽകാന്‍ ഒരുങ്ങിയപ്പോള്‍ താരം പൊട്ടികരഞ്ഞു.

ENGLISH SUMMARY:

The foreign player who came to Malappuram to play sevens was cheated for the last six months without paying