Untitled design - 1

ബിജെപി ഭരണത്തിനുകീഴിൽ സാർവ്വത്രികമായിക്കൊണ്ടിരിക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മറ്റൊരു ഉദാഹരണമാണ് നീറ്റ് അഴിമതിയെന്ന് മുൻ മന്ത്രി തോമസ് ഐസക്. ഏറെ കോളീളക്കം സൃഷ്ടിച്ച മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാൾ എത്രയോ വലുതും ഗുരുതരവുമാണ് ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്ന നീറ്റ് അഴിമതിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

തമിഴ്നാടും കേരളവും ഒഴികെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരുതവണയെങ്കിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. കേരളത്തിലെ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ് രീതിക്ക് ഇതു വലിയ അംഗീകാരമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് രാജ്യത്തെ പി.എസ്.സി വഴി നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച് അടുത്തകാലത്ത് പുറത്തുവന്ന കണക്കുകൾ. 2022-23 സാമ്പത്തികവർഷത്തിൽ രാജ്യത്ത് ആകെ നടന്ന 51,498 നിയമനങ്ങളിൽ 34110 നിയമനവും കേരളത്തിലെ പി.എസ്.സി നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നീറ്റ് ക്രമക്കേട് ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മറുപടിയാവശ്യപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 10 വിദ്യാര്‍ഥികള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനാത്കമായ നിരീക്ഷണമുണ്ടായത്.  

തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

സുപ്രിംകോടതിക്കുപോലും നീറ്റ് പരീക്ഷയിലെ അഴിമതി സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. പരീക്ഷയുടെ വിശ്വാസ്യതയെ ഇപ്പോൾ പുറത്തുവന്ന തട്ടിപ്പ് ബാധിച്ചൂവെന്ന് കോടതി നിരീക്ഷിച്ചു. കോടതി വെക്കേഷൻ കഴിഞ്ഞ് ചേരുന്ന ആദ്യദിവസമായ ജൂലൈ 8-ന് തന്നെ കേസ് ലിസ്റ്റ് ചെയ്തു.

ഡോക്ടർ, എഞ്ചിനീയർ, മറ്റു ചില പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനത്തിന് ആധാരം നീറ്റ് പരീക്ഷയിലെ മാർക്കാണ്. 24 ലക്ഷം കുട്ടികൾ ദേശവ്യാപകമായി 4750 കേന്ദ്രങ്ങളിലാണ് മെയ് മാസത്തിൽ പരീക്ഷ എഴുതിയത്. ഇതിനകം പുറത്തുവന്നിരിക്കുന്ന ചില അഴിമതി തെളിവുകൾ ഇതൊക്കെയാണ്:

(1) പാട്നയിൽ ചോദ്യ പേപ്പർ ചോർന്നതിന്റെ തെളിവുകൾ പുറത്തുവന്നു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പർ നൽകുന്നതിന് 30 മുതൽ 50 ലക്ഷം രൂപ വരെയാണ് പിരിച്ചത്. 

(2) 67 കുട്ടികൾക്ക് 720-ൽ 720 മാർക്കും കിട്ടി. ഇതിൽ പലരും ചില പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിൽ ഉള്ളവരാണ്. ആദ്യമായിട്ടാണ് ഇത്രയധികംപേർ പൂർണ്ണവിജയം നേടുന്നത്.

(3) ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ഒരു പെൺകുട്ടിയുടെ കഥയുണ്ട്. പ്ലസ് ടു പരീക്ഷയ്ക്ക് 700-ൽ 352 മാർക്കാണ് ലഭിച്ചത്. എന്നാൽ നീറ്റ് പരീക്ഷയിൽ 720-ൽ 705 കിട്ടി. ഇത്തരം അവിശ്വസനീയമായ നേട്ടം ഒറ്റപ്പെട്ടതല്ലായെന്ന് തെളിഞ്ഞു. 

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശദീകരണം ഗ്രേസ് മാർക്കുമൂലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നാണ്. ഇത് പുതിയ ആരോപണത്തിനു വഴിവച്ചിരിക്കുകയാണ്. ഇഷ്ടക്കാർക്കാണ് ഗ്രേസ് മാർക്ക് നൽകിയിട്ടുള്ളത്!

ഇതിനിടെ വിവിധ സംസ്ഥാനങ്ങളിലെ പി.എസ്.സിയും മറ്റും നടത്തുന്ന തൊഴിൽ മത്സര പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് ഒരു വിശകലനം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ ഒന്നരക്കോടി ഉദ്യോഗാർത്ഥികൾ പങ്കെടുത്ത 41 തൊഴിൽ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർന്നു. തമിഴ്നാടും കേരളവും ഒഴികെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരുതവണയെങ്കിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. കേരളത്തിലെ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ് രീതിക്ക് ഇതു വലിയ അംഗീകാരമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് രാജ്യത്തെ പി.എസ്.സി വഴി നടത്തിയിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ച് അടുത്തകാലത്ത് പുറത്തുവന്ന കണക്കുകൾ. 2022-23 സാമ്പത്തികവർഷത്തിൽ രാജ്യത്ത് ആകെ നടന്ന 51,498 നിയമനങ്ങളിൽ 34110 നിയമനവും കേരളത്തിലെ പി.എസ്.സി നടത്തിയതാണ്. സമീപകാലത്ത് കേരളത്തിലെ പരീക്ഷകളുടെയെല്ലാം വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞേ തീരൂ.

ബിജെപി ഭരണത്തിനുകീഴിൽ സാർവ്വത്രികമായിക്കൊണ്ടിരിക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മറ്റൊരു ഉദാഹരണമാണ് നീറ്റ് അഴിമതി. ഏറെ കോളീളക്കം സൃഷ്ടിച്ച മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാൾ എത്രയോ വലുതും ഗുരുതരവുമാണ് ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്ന നീറ്റ് അഴിമതി. 

ENGLISH SUMMARY:

Dr TM Thomas Isaac fb post about neet exam