Untitled design - 1

പഠിക്കാന്‍ ആഗ്രഹമേറയുണ്ടായിട്ടും സ്കൂള്‍ പ്രവേശം അന്യമായി ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളില്ലാത്തതാണ് ഇവരുടെ പഠനമോഹങ്ങള്‍ക്ക് വെല്ലുവിളി. പ്രളയത്തില്‍ ജനനസര്‍ട്ടിഫിക്കറ്റ് നഷ്ടമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ  കുരുന്നുകള്‍ക്ക് അടക്കമാണ് സ്കൂള്‍ പ്രവേശനം ഇല്ലാതായത്. എറണാകുളം ജില്ലയില്‍ മാത്രം ഇരുന്നൂറില്‍പ്പരം കുരുന്നുകള്‍ പഠന അവകാശത്തിനായി സര്‍ക്കാരിന്റെ  കനിവ് തേടുന്നു.

 

മുര്‍ഷിദാബാദുകാരനായ അഫീജുല്‍ ഇസ്ലം പെരുമ്പാവൂരില്‍ പാചകതൊഴിലാളിയാണ്. രണ്ടാമത്തെ മകള്‍ ആറ് വയസുകാരി സുമയ്യ. സുമയ്യയെ കേരളത്തില്‍ പഠിപ്പിക്കണമെന്ന ആഗ്രഹവുമായി ഭാര്യ രണ്ട് മാസം മുന്‍പ് പെരുമ്പാവൂരിലെത്തി. എന്നാല്‍ സ്കൂള്‍ പ്രവേശനത്തിനായി ആധാര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഇല്ലാത്തതിനാല്‍ ലഭിച്ചില്ല.

പശ്ചിമബംഗാളിലെ പര്‍ഗാനാസില്‍ നിന്നുള്ള പാപ്പിയ സാമന്തര്‍ ഫാക്ടറി ജോലിക്കെത്തിയതാണ്. മകന് മികച്ച വിദ്യാഭ്യാസം  നല്‍കണമെന്ന ആഗ്രഹവുമായപ്പോള്‍ കുട്ടിയെയും കേരളത്തിലേക്ക് കൊണ്ട് വന്നു. കഴിഞ്ഞ മണ്‍സൂണ്‍ കാലത്തെ പര്ഗാനയിലുണ്ടായ പ്രളയത്തിലാണ് മകന്റെ ജനനസര്‍ട്ടിഫിക്കറ്റ് അടക്കം നഷ്ടമായി.

രക്ഷിതാവിന്റെ ആധാര്‍കാര്‍ഡും സ്കൂള്‍ ഹെഡ്്മാസ്റ്ററുടെ കത്തുമുണ്ടെങ്കില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വരെ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതൊടെ വലിയൊരു വിഭാഗം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ അവകാശം പാടേ നിഷേധിക്കപ്പെടുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്്മെന്റ് എന്ന സ്ഥാപനമാണ് ഇവര്‍ക്കായി രംഗത്തുള്ളത്.

രേഖകളില്ലെന്ന കാരണം പറഞ്ഞ് പ്രവേശനം നിഷേധിക്കാതെ ആധാര്‍ കാര്‍ഡ് ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Migrant Workers' Children Deprived of School Education