Untitled design - 1

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയേയും ഉൾപ്പെടെ കൂട്ടക്കൊല ചെയ്ത  കേസിലെ പ്രതി കേഡല്‍ ജിന്‍സന്‍ രാജയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോര്‍ട്ട്. വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഈ മാസം 22ന് വിചാരണ നടപടികള്‍ ആരംഭിക്കും.

മാനസിക നിലയിലെ തകരാര്‍ മൂലം നടത്തിയ കൊലപാതകം. ഈ സാഹചര്യം കണക്കില്‍ എടുത്ത് കുറ്റകൃത്യം ആരോപിച്ചുള്ള കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നായിരുന്നു കേഡല്‍ ജന്‍സന്‍ രാജയുടെ അപേക്ഷ. ഈ ഹര്‍ജി കോടതി തളളി.കൂടാതെ  മാനസിക ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടറെയും കോടതി വിസ്തരിച്ചു.

കുറ്റകുത്യം നടക്കുമ്പോഴും ശേഷവും കേഡലിന് ഒരുതരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങളിലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് വിചാരണ കോടതി പരിഗണിച്ചത്. വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം പ്രതിക്കുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതി അംഗികരിച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. വിചാരണ നേരിടാന്‍ സന്നദ്ധനാണോ എന്ന കോടതിയുടെ ചോദ്യത്തിന് അതെ എന്നാണ് പ്രതി കേഡലിൻ്റ മറുപടി.  ഈ മാസം 22 ന് പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.  

2017 ഏപ്രില്‍ എട്ടിനാണ്  കേഡല്‍ ജിന്‍സണ്‍ രാജ തന്റെ മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയായ കേഡലിനെതിരേ  കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിട്ടുള്ളത്.

നന്തന്‍ കോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസ്ട്രല്‍ പ്രോജെക്ഷന്റെ ഭാഗമായാണ് താന്‍ ഈ കൊലപാതകങ്ങള്‍ ചെയ്!തത് എന്നായിരുന്നു കേഡല്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസിനെറ കണ്ടെത്തല്‍. കൊലപാതകം നടത്താനുളള മാനസിക തയാറെടുപ്പിനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പോലുള്ള ആഭിചാര ക്രിയകള്‍ പ്രതി ഓണ്‍ലൈനിലൂടെ പരിശീലിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

ENGLISH SUMMARY:

Murder Case;Jinson raja Faces No Mental Health Issues, Medical Report