Untitled design - 1

ഡ്രൈ ഡേയും, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതും വീണ്ടും ഉന്നയിക്കാന്‍ ബാറുടമാ അസോസിയേഷന്‍. ഇന്നുമുതല്‍ ആരംഭിക്കുന്ന മദ്യനയചര്‍ച്ചകളിലാണ് വിവാദങ്ങള്‍ കാര്യമാക്കാതെ സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യങ്ങള്‍ വീണ്ടുമുന്നയിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. അതേസമയം ബാര്‍കോഴവിവാദത്തിലുള്‍പ്പെട്ട തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

 

ഔദ്യോഗിക മദ്യനയ ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നെന്നാണ് എക്സൈസ് മന്ത്രി അറിയിച്ചത്. ഇതിന്‍റെ ഭാഗമായി മന്ത്രി എം.ബി. രാജേഷ് ബാറുടമാ അസോസിയേഷനുള്‍പ്പെടെയുള്ളവരുമായി സംസാരിക്കും. സാമ്പത്തികാരോപണ ശബ്ദരേഖ പുറത്തുവന്നെങ്കിലും ചര്‍ച്ചയില്‍ ഡ്രൈ ഡേ മാറ്റുന്നതും , പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുന്നതും ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് ബാറുടമാ അസോസിയേഷന്‍റെ തീരുമാനം. 

നിലവിലെ അവസ്ഥയില്‍ ഇതു രണ്ടും അനുവദിച്ചില്ലെങ്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമെന്നാണ്  അസോസിയേഷന്‍റെ നിലപാട്. മാത്രമല്ല ബാറുകളുടെ എണ്ണം 900 കടന്നെന്നും ഇനിയും കൂടുതല്‍ എണ്ണത്തിനു പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും സര്‍ക്കാരിനോടു ആവശ്യപ്പെടും.  

ബാര്‍കോഴ ഇടപാടുമായി ബന്ധപ്പെട്ട ശബ്ദരേഖാ പുറത്തു വന്നപ്പോള്‍ തലസ്ഥാനത്തെ ഓഫിസ് നിര്‍മാണത്തിനുള്ള പണമെന്നായിരുന്നു അസോസിയേഷന്‍റെ നിലപാട്. വിവാദത്തിന്‍റെ പശ്ചാത്തലത്തിലും തലസ്ഥാനത്തെ 28 സെന്‍റ് സ്ഥലവും 2 കെട്ടിടവും വാങ്ങാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. സ്ഥലത്തിനും കെട്ടിടത്തിനുമായി 5 കോടി 60 ലക്ഷവും റജിസ്ട്രേഷന്‍ തുകയടക്കം 6 കോടി 10 ലക്ഷം രൂപയുമാണ് ചിലവ്. 

ENGLISH SUMMARY:

Dry Day: Bar Owners Association to Approach Government