ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. 10 പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകിയത് ഗൗരവതരമെന്ന് കെ കെ രമ എം എൽ എ മനോരമ ന്യൂസിനോട് പറഞ്ഞു.
ടി പി വധകേസ് പ്രതികളായ മനോജ്, രജീഷ് , മുഹമ്മദ് ഷാഫി അടക്കമുള്ളവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇവരുടെ പരോൾ അപേക്ഷ ജയിൽ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവർക്ക് അർഹതയുണ്ട്. വെള്ളിയാഴ്ച്ച എല്ലാവരും ജയിൽ മോചിതരായി.തവനൂർ ജയിലിൽ കഴിയുന്ന കൊടി സുനി അവിടെ ജയിൽ അധികൃതരെ മർദിച്ച കേസിൽ പ്രതിയായതുകൊണ്ടാണ് പരോൾ അനുവദിക്കാതിരുന്നതെന്നാണ് വിവരം. 10 പേർക്ക് ഒരുമിച്ച് പരോൾ നൽകിയതിൽ ആശങ്കയുണ്ടെന്ന് കെ കെ രമ
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ടി പി കേസ് പ്രതികൾക്ക് അനധികൃതമായി പരോൾ നൽകുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു. ടി പി കേസിലെ 11 പ്രതികൾക്ക് പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ 2022 ൽ വ്യക്തമാക്കിയിരുന്നു. ടി പി കേസിലെ ഒന്നു മുതൽ 5 വരെ പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്നും ഇരട്ട ജീവപര്യന്തമാക്കി മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് പരോൾ എന്നതും ശ്രദ്ധേയം.