ട്രോളിങ് നിരോധനം വരുന്നതിന് മുമ്പേ വറുതിയിലായിരിക്കുകയാണ് കോഴിക്കോട്ടെ തീരമേഖല. ലൈസന്‍സ് ഫീസ് അടക്കം കുത്തനേ ഉയര്‍ത്തിയതോടെ പല ബോട്ടുകളും മാസങ്ങളായിട്ട് കരയ്ക്ക് അടുപ്പിച്ചിരിക്കുകയാണ്. ലൈസന്‍സില്ലാതെ കടലില്‍ പോകുന്ന ബോട്ടുകള്‍ക്ക് 90000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.
15 മീറ്ററില്‍ താഴെ മോട്ടോര്‍ എന്‍ജിന്‍ ഘടിപ്പിച്ച ചെറിയ ബോട്ടുകള്‍ക്ക് 2110 രൂപയായിരുന്നു മുന്‍പ് ലൈസന്‍സ് ഫീസ്. അതാണ് ഒറ്റയടിക്ക് 26250 രൂപയാക്കി ഉയര്‍ത്തിയത്. 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് ഇവര്‍ക്ക് സഞ്ചരിക്കാവുന്ന ദൂരം. ഈ ദൂരത്തിനിടയില്‍ തുഛമായ മീന്‍ മാത്രമേ കിട്ടുകയുള്ളുവെന്നിരിക്കെ എങ്ങനെയാണ് ഇത്രയും വലിയ തുക ലൈസന്‍സിനായി നല്‍കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ചോദ്യം
കാലാവസ്ഥ മുന്നറിയിപ്പ് കാരണം ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും കടലില്‍ പോവാന്‍ ഇവര്‍ക്കാവുന്നില്ല. അതിനിടയ്ക്കാണ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്ക് 90000 രൂപ വരെ പിഴയീടാക്കാന്‍ തുടങ്ങിയത്. ഇതോടെ മിക്കവരും കടലില്‍പോക്ക് നിര്‍ത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുക്കാത്തതും മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക കൂട്ടുന്നു.