Untitled design - 1

കോഴിക്കോട് കോന്നാട് ബീച്ചില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിയാതെ കാറിനുള്ളില്‍ കുടുങ്ങിപ്പോയതാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം.  

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കാറിന്റ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട മോഹന്‍ദാസ് കാര്‍  ഒതുക്കാനുള്ള സ്ഥലം നോക്കി അല്‍പം കൂടി മുന്നോട്ടുപോയി. കാര്‍ നിര്‍ത്തുമ്പോഴേക്കും  തീപടര്‍ന്നിരുന്നു. പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും  സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിയാതെ വന്നതോടെ ഉള്ളില്‍ കുടുങ്ങി. ഇതിനിടെ പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും  കാര്‍ ആളികത്തി. ഇതോടെ വാതില്‍ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമവും പാഴായി. തൊട്ടുപിന്നാലെ ഉഗ്രസ്ഫോടനശബ്ദത്തോടെ കാര്‍ പൂര്‍ണമായും കത്തിയമരുകയായിരുന്നു.

കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാറിന് പിന്നിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കോര്‍പറേഷനിലെ മുന്‍ ഡ്രൈവറായിരുന്ന മോഹന്‍ദാസ് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് പോകുകയായിരുന്നു. മൃതദേഹം ബീച്ചാശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ അപകടകാരണം വ്യക്തമാവൂവെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

One charred to death as running car catches fire in Kozhikode