Suresh-Gopi-and-K-Surendran
  • തൃശൂരിലെ വിജയത്തിന്റെ ക്രെഡിറ്റ് കെ.സുരേന്ദ്രനു നല്‍കി ഫെയ്സ് ബുക് പോസ്റ്റ്
  • ബിജെപിയുടെ ഒൗദ്യോഗിക പേജിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സുരേഷ്ഗോപി
  • 'എല്ലാവരുടേയും പിന്തുണയുണ്ടായി; പ്രവര്‍ത്തകരുടേയും'

ലോക്സഭാ തിരഞ്ഞെടുപ്പിൽ  ബിജെപിയുടെ വിജയശില്‍പി കെ.സുരേന്ദ്രൻ എന്ന് പാർട്ടി നേതൃത്വം. ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രനെ അഭിനന്ദിച്ചുകൊണ്ട്  പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കെ.സുരേന്ദ്രന്റെ സംഘടനാ മികവ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നും നേതൃത്വം പറയുന്നു. നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇങ്ങനെയൊരു കുറിപ്പിനെ കുറിച്ച് അറിയില്ല എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.  

കെ സുരേന്ദ്രനെ മാറ്റി പകരം മറ്റേതെങ്കിലും പ്രധാന നേതാവിനെ  സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായ ഘട്ടത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കെ സുരേന്ദ്രനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. തൃശ്ശൂരിലെ തകർപ്പൻ വിജയത്തിനും കേരളത്തിലെ എക്കാലത്തെയും  മികച്ച ബിജെപി പ്രകടനത്തിനും പിന്നിൽ കെ സുരേന്ദ്രന്റെ സംഘടന മികവാണ്. പാർട്ടി പ്രവർത്തകരെ താഴെത്തട്ടിൽ വരെ ഏകോപിപ്പിക്കാൻ ആയി. കെ സുരേന്ദ്രന്റെ നേതൃപാടവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുതൽക്കൂട്ട് ആകുമെന്നും കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ.  എല്ലാവരുടെ പിന്തുണയും ഉണ്ടായെന്ന് സുരേഷ് ഗോപി. കെ സുരേന്ദ്രന്  പ്രസിഡന്റ് സ്ഥാനത്തു തുടരാൻ ഏക എംപിയായ സുരേഷ് ഗോപിയുടെ പിന്തുണ കൂടി ഇനി അനിവാര്യമാണ്. 

കേരളത്തില്‍ ചരിത്രമെഴുതിയ സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കാര്യമായ പരിഗണന ലഭിക്കും. കേരളത്തിലെ നേട്ടം കണക്കിലെടുത്ത് കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുവരെ തുടര്‍ന്നേക്കും.

പ്രവര്‍ത്തകര്‍ അടക്കം എല്ലാവരുടെയും പിന്തുണയുണ്ടായെന്ന് സുരേഷ്ഗോപി

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തെയും കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെയും ഏറെ പ്രാധാന്യത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം കാണുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്‍റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും തമിഴ്നാട്ടില്‍ നിന്ന് എംപി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ഭാവി മുന്നേറ്റ സാധ്യത കണക്കിലെടുത്ത് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കണം എന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. സാംസ്ക്കാരികം, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ ലഭിച്ചേക്കും. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് തന്‍റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 

കേരളത്തില്‍ ഈഴവ വോട്ടുകള്‍ വലിയതോതില്‍ ബിജെപിക്ക് അനുകൂലമായി എന്നതാണ് വിലയിരുത്തല്‍. തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അല്ലെങ്കില്‍ രാജ്യസഭാ എംപി സ്ഥാനം നല്‍കിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി 11 നിയമസഭാ സീറ്റില്‍ ലീഡ് ചെയ്തു. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രകടനവും മെച്ചപ്പെട്ടതായിരുന്നു. കേരളത്തിലെ നേട്ടം കണക്കിലെടുത്ത്  പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നതുവരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും.  

കേന്ദ്രമന്ത്രിസ്ഥാനം ചങ്ങലയാണെന്ന് തോന്നിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

കേന്ദ്രമന്ത്രിസ്ഥാനം ചങ്ങലയാണെന്ന് തോന്നിയിട്ടുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞു. ലഭിച്ചാല്‍ അത് ഭാരിച്ച ചുമതലയാകും. ഒന്നോ രണ്ടോ വകുപ്പില്‍ ഒതുങ്ങിപ്പോയാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുമെന്നും സുരേഷ്ഗോപി നെടുമ്പാശേരിയില്‍ പറഞ്ഞു. 

ENGLISH SUMMARY:

K. Surendran, Suresh Gopi