high-court-vehicle-modifica

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീർമാർക്ക് കോടതി  നിർദേശം നൽകി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യും. 

രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ  റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണം.  വ്ലോഗർമാരും വാഹനഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വ്ലോഗർ സഞ്ജു ടെക്കി കാറിൽ സിമ്മിംഗ് പൂൾ നിർമിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്.

കാറിൽ സ്വിമ്മിങ്ങ് പൂളൊരുക്കി യാത്ര ചെയ്ത വ്ളോഗർ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുത്തു. മോട്ടർ വാഹന നിയമലംഘനങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  279,336  വകുപ്പുകൾ ചുമത്തിയാണ്  ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. മോട്ടോര്‍വാഹനവകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. വ്ലോഗര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കി  ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. 

ENGLISH SUMMARY:

In a bid to curb vehicle modifications, the High Court issues strict directives, mandating enforcement officers to gather video evidence of altered vehicles and imposing a hefty fine of Rs 5000 for each modification.