jeevanandham

TOPICS COVERED

ജീവാനന്ദം പദ്ധതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ധനവകുപ്പ്. ജീവനക്കാര്‍ക്ക് ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്ന തരത്തിലാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം വിശ്വാസത്തിലെടുക്കാന്‍ സര്‍വീസ് സംഘടനകള്‍ തയ്യാറല്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് വിഹിതം പിടിച്ച് നടപ്പാക്കുന്ന ജീവാനന്ദം പദ്ധതിക്കെതിരെ ഭരണപക്ഷ സംഘടനകളില്‍ നിന്നുവരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ധനവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. ജീവാനന്ദം പൂര്‍ണമായി ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. ഇതിന് പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പദ്ധതികളുമായി ബന്ധമില്ല. പദ്ധതി നിലവിലെ വിപണി മൂല്യത്തിനെക്കാള്‍ ഉയര്‍ന്നതും സ്ഥിരമായതുമായ പലിശ ഉറപ്പുവരുത്തും. തവണ വ്യവസ്ഥയില്‍ പണമടയ്ക്കാന്‍ സൗകര്യം നല്‍കും. 

പദ്ധതി രൂപരേഖ തയ്യാറാക്കിയ ശേഷമേ നടപ്പിലാക്കുന്നത് സംബന്ധച്ച് തീരുമാനമെടുക്കാന്‍ സാധിക്കൂ. ജീവനക്കാര്‍ക്ക് ലഭിച്ചുവരുന്ന ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വിരമിക്കുന്നതോടെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് വിരമിച്ച ശേഷവും നിശ്ചിത പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന തരത്തില്‍ ജീവാനന്ദം പദ്ധതി സംസ്ഥാന ബജറ്റില്‍ മുന്നോട്ട് വച്ചതെന്നുമാണ് വാദം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടുവാരുകയാണെന്ന നിലപാടില്‍ തന്നെയാണ് സംഘടനകള്‍. ഇതാണോ ബജറ്റില്‍ ധനമന്ത്രി പറഞ്ഞ പ്ലാന്‍ ബി എന്നാണ് അവരുടെ ചോദ്യം.

പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ENGLISH SUMMARY:

Goverment says jeevanandham project wont be made a must service association has no trust