മാലിന്യ ടാങ്കിൽ വീണ് രണ്ടു പേർ മരിച്ചതില്‍ കോഴിക്കോട് കോവൂർ ഇരിങ്ങാടപ്പള്ളിയിലെ അമ്മാസ് ഹോട്ടൽ താല്‍ക്കാലികമായി അടച്ച് പൂട്ടി. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് ഉത്തരവിട്ടത്. ഹോട്ടലിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി.
കോർപറേഷൻ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഹോട്ടൽ താത്കാലികമായി അടച്ച് പൂട്ടാൻ നിർദേശം നൽകിയത്. തുടർനടപടികൾക്ക് ശേഷമാവും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. പൊലീസും ഫോറൻസിക് വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി മലിന ജലത്തിന്‍റെ സാംപിൾ ശേഖരിച്ചു. ഇതിന്‍റെ ശാസ്ത്രീയ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവു. അതേസമയം വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെയാണ് പണിയെടുപ്പിച്ചത് എന്ന് ആരോപിച്ച് മരിച്ച അശോകന്‍റെ കുടുംബം രംഗത്തെത്തി.
ശുചീകരണ തൊഴിലാളിയല്ല മരിച്ച റിനീഷ് എന്ന് ബന്ധുകൾ ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ജോലിക്കെത്തിയത്. ഹോട്ടലുടമയുടെ പേരിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.