പെന്‍ഷന്‍ എങ്ങനെ കൊടുത്തു തീര്‍ക്കും? സര്‍ക്കാര്‍ വീണ്ടും കടമെടുക്കാനൊരുങ്ങുന്നത് ഈ ചോദ്യം കൂടി കണക്കിലെടുത്താണ്. ജൂണ്‍ നാലിന് കടപത്രം വഴി 2000 കോടി സമാഹരിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 15,000 പേര്‍ ഇന്നലെ വിരമിച്ചതോടെയാണ് പെന്‍ഷനെന്ന വലിയ ഭാരം കൂടി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് മേല്‍ വന്നുചേര്‍ന്നത്.
സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല, എങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൊടുത്തേ മതിയാകൂ. വരുന്ന 3 മുതല്‍ 9 മാസങ്ങള്‍ക്കിടയില്‍ ഇതിനായി ഒന്‍പതിനായിരം കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. സെക്രട്ടേറിയറ്റ്, വിവിധ ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നായി 15,000 പേരാണ് മേയ് 31 ന് വിരമിച്ചത്. ഇവര്‍ക്ക് മൂന്നു മുതല്‍ ഒന്‍പത് മാസത്തിനകമായിരിക്കും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കേണ്ടി വരിക.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് വേഗത്തില്‍ പെന്‍ഷന്‍ സംബന്ധിച്ച രേഖകള്‍ പൂര്‍ത്തിയാക്കി അകൗണ്ട്സ് ജനറല്‍ ഒഫീസിലേക്ക് കൈമാറാനാകും. സര്‍ക്കാര്‍ നേരത്തെ 3500 കോടി കടമെടുത്തത് ഇതുകൂടി കണക്കിലെടുത്താണ്. 2000 കോടി കൂടി ജൂണ്‍ ആദ്യം കടമെടുക്കുന്നതും പെന്‍ഷന്‍ബാധ്യത കൂടി കണ്ടുകൊണ്ടാണ്. കടപത്രം പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷകള്‍ എജിയുടെ ഒാഫീസിലേക്ക് എത്തിച്ചേരാന്‍സാധാരണ ആറുമുതല്‍ ഒന്‍പത് മാസം വരെ എടുക്കാറുണ്ട്.
പലജീവനക്കാരും ആനുകൂല്യം ട്രഷറിയില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സൂക്ഷിക്കും ഇതും സര്‍ക്കാരിന്‍റെ ബാധ്യത തല്‍ക്കാലം കുറക്കും. 15,000 പേര്‍ വിരമിക്കുകയാണെങ്കിലും പ്രമോഷനിലൂടെയും വര്‍ക്ക് അറേഞ്ച്മെന്‍റിലൂടെയും പല തസ്തികളും നികത്തുന്നതിനാല്‍ പി.എസ്.സിക്ക് ഇത്രയും തസ്തികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരില്ല.