സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. രണ്ട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും കോഴിക്കോട്ടുമാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍
എന്നിവിടങ്ങളില്‍ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപമെടുത്തിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. 2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ കേരള തീരത്തു നിന്ന് മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പ്.
ഇടുക്കി ജില്ലയിൽ മഴ കനത്തു. തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റത്തിനും കുളമാവിനുമിടയിലെ കരിപ്പലങ്ങാട് വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വൈകിട്ട് 5.30നാണ് സംഭവം. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. സമീപത്തെ വീടിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണു. കൂടാതെ മൂലമറ്റത്തെ താഴ്‌വാരം കോളനിയിൽ വെള്ളം കയറി. നിലവിൽ തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 5.15 വരെയുള്ള കണക്കിൽ ഉടുമ്പന്നൂരിൽ 167 മില്ലീമീറ്റർ മഴ പെയ്തു.