കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരോട് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്‍സരയോട്ടം വേണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട. റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം. ബ്രെത്തലൈസര്‍ പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയിലെ  അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പറഞ്ഞു.

ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല’’ – ജീവനക്കാരെ ഓൺലൈനിൽ അഭിസംബോധന ചെയ്തു മന്ത്രി പറഞ്ഞു.

ബസുകൾ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ടെന്നു മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്‍ക്ക് പരിഗണന നൽകണം. വീടിന്റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ കുടുംബം താറുമാറാകും. ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്തു നിർത്തണം. സ്റ്റോപ്പാണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുത്. മറ്റ് വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദേശം പാലിക്കണം. അനാവശ്യമായി ഡീസൽ ഉപയോഗിക്കരുത്. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

ENGLISH SUMMARY:

Transport Minister KB Ganesh Kumar issues strict instructions to KSRTC drivers emphasizing safety, including no competition with private buses, adherence to speed limits, and proper stopping protocols