മഴയത്ത് തന്റെ മന്ത്രിവാഹനത്തിന്റെ വിഡിയോ പാട്ടിനൊപ്പം ചേര്‍ത്ത പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് റീല്‍ പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഔദ്യോഗിക വാഹനം മഴ നനയുന്ന വിഡിയോയാണ് റിയാസ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. മഴ പെയ്യുന്നത് കണ്ടിരുന്ന് കാപ്പി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണെന്നും എന്നു കരുതി പെരുമഴ പെയ്ത്, നിരവധി മനുഷ്യർ കൊല്ലപ്പെടുകയും, ഒരുപാടു പേരുടെ ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം നശിച്ചു പോവുകയും ചെയ്യുന്നത് കണ്ണിനു മുന്നിൽ കാണുമ്പോൾ ഇങ്ങനെ പാട്ട് കേട്ടിരിക്കുന്നത് ശരിയല്ലെന്ന് രാഹുല്‍ കുറിച്ചു. അത്തരം പ്രവർത്തിയെ പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'അതൊരു നികൃഷ്ട മനസ്സാണ്' എന്നും രാഹുൽ വിമർശിച്ചു.
നിങ്ങളുടെ ഭരണക്കാലത്ത് തിരുവനന്തപുരം നഗരം വെള്ളത്തിലാണ്. നിരവധി മനുഷ്യരാണ് സ്വന്തം വീട്ടിൽ നിന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. ഈയൊരു അവസ്ഥയിലൂടെ കേരളം കടന്നു പോകുമ്പോൾ താങ്കൾ ഈ കാണിക്കുന്നത് തോന്നിവാസമാണെന്നും രാഹുൽ ഓർമിപ്പിക്കുന്നു.
തിരുവനന്തപുരത്തെ അവസ്ഥ കൂടാതെ എറണാകുളത്തെ അവസ്ഥയും പോസ്റ്റിലൂടെ രാഹുൽ വരച്ചുകാട്ടുന്നു. എറണാകുളത്ത് മെട്രോയേതാ വാട്ടർ മെട്രോയേതായെന്ന് ജനത്തിന് തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നും കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ റോഡിൽ അങ്ങയുടെ സംഭാവനയായ കുഴികളിൽ വെളളം കൂടി നിറഞ്ഞ് അപകടം പതിയിരിക്കുന്ന പൊട്ടക്കിണറുകളായി മാറിയെന്നും പറയുന്നു. ഈ മന്ത്രി മന്ദിരവും മന്ത്രി വാഹനവുമൊക്കെ ഇപ്പോൾ മഴയിൽ ദുരിതമനുഭിവിക്കുന്ന മനുഷ്യന്റെ സംഭാവനയാണെന്ന് മറക്കരുതെ സാറെ എന്നും രാഹുൽ ഓർമപ്പെടുത്തുന്നു. നിരവധിയാളുകളാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.
കുറിപ്പിന്റെ പൂർണരൂപം
'കാതിൽ തേൻ മഴയായി പാടു കാറ്റെ' എന്ന പാട്ടിന്റെ അകമ്പടിയോടെ കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണിത്. അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം മഴ നനയുന്ന ദൃശ്യമാണ്.
മഴയൊക്കെ നമ്മൾക്കും ഇഷ്ടമാണ്. മഴയത്ത് യേശുദാസിന്റെ പാട്ട് കേൾക്കാനും ഇഷ്ടമാണ്. ആ പാട്ട് കേട്ടുകൊണ്ട് ഒരു കട്ടൻ കാപ്പി കുടിക്കാൻ അതിലും ഇഷ്ടമാണ്.
എന്നു കരുതി പെരുമഴ പെയ്ത്, നിരവധി മനുഷ്യർ കൊല്ലപെടുകയും, ഒരുപാടു പേരുടെ ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം നശിച്ചു പോവുകയും ചെയ്യുന്നത് കണ്ണിനു മുന്നിൽ കാണുമ്പോൾ ഇങ്ങനെ പാട്ട് കേട്ടിരിക്കണമെങ്കിൽ, അത് ശ്രീ പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'അതൊരു നികൃഷ്ട മനസ്സാണ്'.
ശ്രീ മുഹമ്മദ് റിയാസ്, അങ്ങയുടെ മന്ത്രിമന്ദിരമിരിക്കുന്ന തിരുവനന്തപുരം നഗരം, അങ്ങയുടെയും ശ്രീ പിണറായി വിജയന്റെയും ഒക്കെ ഈ ഭരണകാലത്തിൽ വെള്ളത്തിലാണ്. നിരവധി മനുഷ്യർ സ്വന്തം മന്ദിരങ്ങൾ വിട്ട് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴാണ് അങ്ങ് മന്ത്രി മന്ദിരത്തിലിരുന്ന് ഈ തോന്നിവാസം കാണിക്കുന്നത്.
എറണാകുളത്ത് മെട്രോയേതാ വാട്ടർ മെട്രോയേതായെന്ന് ജനത്തിന് തിരിച്ചറിയുവാൻ കഴിയുന്നില്ല. കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ റോഡിൽ അങ്ങയുടെ സംഭാവനയായ കുഴികളിൽ വെളളം കൂടി നിറഞ്ഞ് അപകടം പതിയിരിക്കുന്ന പൊട്ടക്കിണറുകളായി മാറി.
ദുരിതത്തിലായ ജനം അങ്ങയെയും ശ്രീ പിണറായി വിജയനെയും ഒന്നും വിളിക്കുന്ന തെറികൾ 'കാതിന് ഒരു തേൻമഴയുമാകില്ല'....
മഴ ആസ്വദിച്ച് കഴിഞ്ഞെങ്കിൽ മഴക്കെടുതിയിൽ കഴിയുന്നവരെ കരുതു മിനിസ്റ്ററെ....
ഈ മന്ത്രി മന്ദിരവും മന്ത്രി വാഹനവുമൊക്കെ ഇപ്പോൾ മഴയിൽ ദുരിതമനുഭിവിക്കുന്ന മനുഷ്യന്റെ സംഭാവനയാണെന്ന് മറക്കരുതെ സാറെ..