സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹയിടപാടില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. എക്സാലോജികിന്‍റെ അക്കൗണ്ട് വഴി നടന്നത് കോടികളുടെ ഇടപാടാണ്. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലാണ് അക്കൗണ്ടെന്നും വീണ വിജയന്റെയും എം.സുനീഷിന്റെയും പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയതെന്നും ഷോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലാവലിന്‍, പിഡബ്ല്യുസി കമ്പനികളില്‍ നിന്ന് വന്‍തുകയാണ് ഈ അക്കൗണ്ടുകളിലേക്ക് വന്നത്. അക്കൗണ്ടുകളില്‍ നിന്നുള്ള പണം കൂടുതലായും പോയത് അമേരിക്കയിലെ അക്കൗണ്ടുകളിലേക്കാണെന്നും ഷോണ്‍ പറഞ്ഞു.
ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തി വരികയാണ്. വീണയുടെയും സുനീഷിന്‍റെയും അക്കൗണ്ടുകളില്‍ പണമെത്തിയത് സംബന്ധിച്ച രേഖകള്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്.എഫ്.ഐ.ഒയ്ക്കും കൈമാറിയതായും ഷോണ്‍ അവകാശപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിനായാണ് അക്കൗണ്ട് തുറന്നതെന്നാണ് ഷോണിന്‍റെ ആരോപണം.