കാറിനുള്ളില്‍ ആവേശം മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ ആറ് വകുപ്പുകള്‍ ചുമത്തി. വാഹനത്തിന്‍റെ ആര്‍.സി റദ്ദാക്കുമെന്നും  എം.വി.ഡി അറിയിച്ചു. കൊല്ലത്തേക്ക് കടത്തിയ വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സഞ്ജുവിന്‍റെ ലൈസന്‍സ് ആലപ്പുഴ ആര്‍.ടി.ഒ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഞ്ജുവിനെ മലപ്പുറം എം.വി.ഡി കേന്ദ്രത്തില്‍ പരിശീലനത്തിന് അയയ്ക്കാനും തീരുമാനമായി. ആശുപത്രിയില്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തിനും നിര്‍ദേശിച്ചു.

രണ്ടാഴ്ച മുമ്പാണ് യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിങ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് പടുത കൊണ്ട് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ എ.എസ് കനാൽ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തത്. ഇതിനിടെ പടുതയ്ക്ക് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടര്‍ന്നു. എന്‍ജിനിലും വെള്ളം കയറി. സൈഡ് സീറ്റിലെ എയർ ബാഗ് പൊട്ടുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കുകയായിരുന്നു. യൂട്യൂബ് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആര്‍.ടി.ഒ വ്ലോഗര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. കാര്‍ ഓടിച്ച ഡ്രൈവര്‍ സൂര്യനാരായണന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇത്തരം വിഡിയോകള്‍ക്കെതിരെ യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കാനും വകുപ്പ് തീരുമാനിച്ചു.