കൊച്ചിയെ മുക്കി മേഘവിസ്ഫോടന സമാനമായ കൊടുംമഴ. ഇന്‍ഫോപാര്‍ക്ക് തമ്മനം കടവന്ത്ര വൈറ്റില ഇടപ്പള്ളി ഭാഗങ്ങളിലെ വെള്ളക്കെട്ട് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. പെരുമ്പാവൂരിനടുത്ത് വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു . ഫോര്‍ട്ട് കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് മരം ഒടഞ്ഞുവീണു.
രാമഴപൊയ്തൊഴിഞ്ഞ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ദുരിതപ്പെയ്ത്ത് . ഒരാഴ്ചയ്ക്കിടെ രണ്ടാംവട്ടവും കാക്കനാട് ഇന്‍ഫോപാര്‍ക്ക് വെള്ളക്കെട്ടിലമര്‍ന്നു. കെട്ടിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറി. കാക്കനാടും ഇടപ്പള്ളിയിലും റോഡില്‍ വെള്ളം നിറഞ്ഞതോടെ കൊച്ചി സ്തംഭിച്ചു . ഗതാഗതകുരുക്ക് കിലോമീറ്ററോളം നീണ്ടു
ഒാടകള്‍ നിറഞ്ഞ് റോഡുകള്‍ തോടായതോടെ വെണ്ണലയിലും സ്ഥിതി ഗുരുതരമായി. ഇടപ്പള്ളി മരോട്ടിച്ചുവടിലെയും തമ്മനം ശാന്തിപുരം കോളനിയിലെയും വീടുകളിലും വെള്ളം കയറി. ഫോര്‍ട്ട് കൊച്ചിയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിേലക്ക് മരം വീണെങ്കിലും ആളുകളില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പതിവ് തെറ്റിയില്ല. താഴത്തെനില മുങ്ങി. കൊച്ചി പി ആന്റ് ടി കോളനിക്കാരെ പുനരധിവസിപ്പിച്ച തോപ്പുംപടിയിലെ ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിച്ചതോടെ താമസക്കാര്‍ ദുരിതത്തിലായി.
കലാഭവന്‍ റോഡും സെന്റ് വിന്‍സന്റ് റോഡും മുങ്ങി. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറിലും വെള്ളംപൊങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. പെരുമ്പാവൂരില്‍ വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
അതിശക്തമായ മഴയിൽ കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. എംസി റോഡിലും, ദേശീയപാതയിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതതടസ്സം നേരിട്ടു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ ശക്തികുളങ്ങര, മരുത്തടി, കാവനാട് , മങ്ങാട്, കണ്ടച്ചിറ പ്രദേശങ്ങളൊക്കെ വെള്ളത്തിലായത് തീരാദുരിതമായി. അർധരാത്രി തുടങ്ങിയ മഴ നിർത്താതെ മണിക്കൂറുകളോളം പെയ്തിറങ്ങിയപ്പോൾ 300 ലധികം വീടുകളാണ് വെള്ളത്തിലായത്. കിടപ്പ് രോഗികൾ ഉൾപ്പെടെ പുറത്തേക്ക് പോകാനാകാതെ ബന്ധിതരായി.
വട്ടക്കായലിലേക്ക് വെള്ളമൊഴുകി പോകുമെങ്കിലും പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചെറിയ ഓടമാത്രമാണ് ഈ പ്രദേശത്തുള്ളത്. എംസി റോഡിൽ നിലമേലിലും, വാളകത്തും വെള്ളക്കെട്ട് ഉണ്ടായി. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന കൊട്ടിയം ചാത്തന്നൂർ ഭാഗങ്ങളിലും ഗതാഗത വെള്ളക്കെട്ട് തടസ്സം സൃഷ്ടിച്ചു. തദ്ദേശസ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണം നടത്താത്തത് ഓട നിറഞ്ഞൊഴുകുന്നതിന് കാരണമായി.
തിരുവനന്തപുരത്തും കനത്തമഴയില്‍ നാശനഷ്ടം. നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ മഴ വ്യാപക നാശം വിതച്ചു. പലയിടത്തും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് മരം വീഴുകയും വെള്ളം കയറുകയും ചെയ്തു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്‍റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണ വാര്‍ത്ത കേട്ടാണ് തുടക്കം. മതിലിന്‍റെ പലഭാഗവും അപകടാവസ്ഥയിലാണ്. നെയ്യാറ്റിന്‍കര പാലിയോട് ആവണംകോട് മോഹനചന്ദ്രന്‍റെ വീട് മരംവീണ് തകര്‍ന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
കാട്ടാക്കട പൂവച്ചല്‍ നെടുമങ്ങാട് റോഡില്‍ തോടുകള്‍ കരകവിഞ്ഞ് വെള്ളക്കെട്ടുണ്ടായി. ഇവിടെ വീടുകളിലേക്കും വെള്ളം കയറി. കൈതക്കോണം ഭാഗത്താണ് വീടുകളില്‍ വെള്ളം കയറിയത്. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. വര്‍ക്കല പാപനാശത്ത് ബലിമണ്ഡപത്തോട് ചേര്‍ന്ന് കുന്നിടിഞ്ഞുവീണു. വര്‍ക്കല ജനാര്‍ദനപുരത്തും കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു, ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിന്‍റെ ബസിന് മുകളില്‍ മരം വീണു. സ്കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്കാണ് മരം വീണത്. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്തി. ഇപ്പോള്‍ 150 സെന്‍റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം നിരോധിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇന്നായിരുന്നു പൊന്‍മുടി തുറന്നത്.
മാവേലിക്കരയിൽ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര ഓലകെട്ടി സ്വദേശി അരവിന്ദാണ് മരിച്ചത്. വീട്ടുമുറ്റത്ത് പല്ലു തേച്ച് നിൽക്കുമ്പോഴായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം