തിരുവനന്തപുരം മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരെ നിര്‍ണായക തെളിവുമായി പൊലീസ്. തര്‍ക്കത്തിന് കാരണമായ ബസ് യാത്ര പുനരാവിഷ്കരിച്ചു. ബസിലിരുന്ന് ഡ്രൈവര്‍ അശ്ളീല ആംഗ്യം കാണിച്ചാല്‍ കാറിലിരിക്കുന്നവര്‍ക്ക് കാണാമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. അതേസമയം സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറിയെന്നും പൊലീസ് ഉറപ്പിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രനെ അശ്ളീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ യദു കുറ്റക്കാരന്‍ എന്ന നിഗമനത്തിലേക്കെത്തുകയാണ് പൊലീസ്. തര്‍ക്കത്തിന് കാരണമായ ബസിന്റെയും കാറിന്റെയും യാത്ര പട്ടം മുതല്‍ പാളയം വരെ പുനരാവിഷ്കരിച്ചാണ് നിര്‍ണായക തെളിവ് ശേഖരിച്ചത്. മേയറും സംഘവും സഞ്ചരിച്ച അതേ കാറും യദു ഓടിച്ച അതേ മോഡല്‍ ബസും ഉപയോഗിച്ച്, സംഭവം നടന്ന അതേ രാത്രിസമയത്തായിരുന്നു പുനരാവിഷ്കാരം. ഡ്രൈവര്‍ സീറ്റിലിരുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് പുനരാവിഷ്കാരത്തിലൂടെ െതളിഞ്ഞെന്ന് പൊലീസ് അവകാശപ്പെട്ടു.
ഇത് വീഡിയോയില്‍ ചിത്രീകരിച്ചു. ഇതോടെ യദുവിനെതിരെ കുറ്റപത്രം നല്‍കാനുള്ള തെളിവുകളായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം ബസ് പാളയത്ത് തടഞ്ഞിട്ട ശേഷം സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറിയെന്നതിനും പൊലീസിന് തെളിവ് ലഭിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മൊഴി നല്‍കിയത്. ബസ് നേരെ തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകട്ടേയെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെന്നാണ് മൊഴി. എന്നാല്‍ യാത്രക്കാരെ ആരെയും ഇറക്കിവിട്ടതായി മൊഴിയില്ല. എം.എല്‍.എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡ്യൂട്ടി റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.