bar-minutes-26
  • ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു
  • ഡ്രൈ ഡേ പിന്‍വലിക്കുന്നത് പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കി
  • ശബ്ദസന്ദേശത്തില്‍ രഹസ്യാന്വേഷണം

മദ്യനയത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചര്‍ച്ച നടന്നിട്ടില്ലെന്നുമുള്ള മന്ത്രി എം.ബി. രാജേഷിന്‍റെ വാദം പൊളിയുന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകളും പങ്കെടുത്തു. ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരിശോധിക്കാമെന്ന് വകുപ്പ് ഉറപ്പ് നല്‍കി. യോഗത്തിലെ പ്രധാന അജണ്ടയും മദ്യനയമായിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചന ശക്തമായത്. യോഗത്തിന്‍റെ മിനിറ്റ്സ് മനോരമന്യൂസിന് ലഭിച്ചു.

 

അതേസമയം, ബാറുടമകളുടെ പണപ്പിരിവിലെ ശബ്ദസന്ദേശം പുറത്തുവിട്ടതാരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണം നടത്തുന്നു. എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിനാണ് രഹസ്യമായി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐ.ടി പാര്‍ക്കുകളിലെ ബാര്‍ നടത്തിപ്പ് പ്രസിഡന്‍റും അടുപ്പമുള്ളവരും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ശബ്ദസന്ദേശം പുറത്തുവിടാനുള്ള കാരണമായി ഒരു വിഭാഗം പറയുന്നത്. 

മദ്യനയം പ്രഖ്യാപിക്കാനിരിക്കെ എത്തിയ ബാര്‍ അസോസിയേഷന്‍ നേതാവിന്‍റെ ശബ്ദ സന്ദേശം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. ഓഡിയോ പുറത്തു വന്നതിനു പിന്നാലെ ശബ്ദത്തിന്‍റെ ഉടമ അനിമോന്‍റെ ഫോണ്‍ സ്വിച്ച് ഓഫായി. അനിമോന്‍ എവിടെയെന്നു സംഘടനാ നേതാക്കള്‍ക്കു പോലും അറിയാതെയായി. പിന്നാലെ മറ്റു ബാര്‍ ഉടമകളും പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രസിഡന്‍റ് സുനില്‍കുമാര്‍ മാത്രമാണ് രംഗത്തെത്തിയത്. എന്നിട്ടും അനിമോന്‍റെ പ്രതികരണം ഉണ്ടായില്ല. രണ്ടു ദിവസത്തെ മൗനത്തിനുശേഷം വാട്സാപ് സന്ദേശവുമായി അനിമോന്‍ എത്തിയതിനു പിന്നില്‍ കടുത്ത സമ്മര്‍ദമെന്നാണ് സൂചന. ബാറു നടത്തിപ്പുകാരന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് സഹപ്രവര്‍ത്തകര്‍ വഴി ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് സന്ദേശമെത്തിയത്. അതും പ്രസിഡന്‍റ് നേരത്തെ പറഞ്ഞ കെട്ടിട നിര്‍മാണ ഫണ്ട് വാദത്തെ പിന്തുണച്ചുവെന്നു മാത്രമല്ല സര്‍ക്കാരിനും മുന്നണിക്കുമെതിരെയുണ്ടായ ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ബാറുടമകള്‍ തന്നെയാണ് ഒത്തുതീര്‍പ്പിനു മുന്‍കൈ എടുത്തത്. 

ENGLISH SUMMARY:

Tourism dept had discussion with bar owners on liquor policy