electric-shock

കോഴിക്കോട് കടത്തിണ്ണയിലെ തൂണില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചതിലെ അന്വേഷണത്തില്‍ അട്ടിമറിനീക്കം സംശയിക്കുന്നതായി മരിച്ച റിജാസിന്‍റെ സഹോദരന്‍ മനോരമ ന്യൂസിനോട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും മറ്റാര്‍ക്കും ഈ ഗതി വരരുതെന്നും കുടുംബം പറഞ്ഞു. അതേസമയം, അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. 

പത്തൊമ്പതുകാരനായ മുഹമ്മദ് റിജാസ് മരിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞു. ഇതുവരെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുംബത്തെ സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കുടുംബം അട്ടിമറിനീക്കം സംശയിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം കുറഞ്ഞുപോയെന്നും സഹോദരന്‍ റാഫി.

 

‌ആക്ഷന്‍ കമ്മിറ്റിക്കൊപ്പം നീതി കിട്ടുംവരെ സമരം ചെയ്യുമെന്ന് പിതാവും പറഞ്ഞു. കെഎസ്ഇബിയുടെ വീഴ്ച കെഎസ്ഇബി തന്നെ അന്വേഷിക്കുന്നത് അനൗചിത്യമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം.  നഷ്ടപരിഹാരം ഒരു കോടിയായി വര്‍ധിപ്പിക്കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നാണ് ചുമതലയുള്ള ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ 20ന് രാത്രി മഴയത്ത് കേടായ സ്കൂട്ടര്‍ കടത്തിണ്ണയിലേക്ക് നീക്കിവെയ്ക്കുന്നതിനിടെ ഇരുമ്പുതൂണില്‍ നിന്ന് ഷോക്കേറ്റായിരുന്നു മുഹമ്മദ് റിജാസിന്‍റെ ദാരുണാന്ത്യം.

ENGLISH SUMMARY:

The incident where the young man died of shock; Brother accused of subversion in investigation