കേരളത്തിന് പറന്നുയരാന്‍ വലിയ ചിറകുകള്‍ സമ്മാനിച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പ്രായം 25. ഇന്ത്യന്‍ വ്യോമയാന രംഗത്ത് സമാനതകളില്ലാത്ത വികസനപദ്ധതികളാണ് രജതജൂബിലിയിലെത്തി നില്‍ക്കുന്ന സിയാലില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷങ്ങളില്ലാതെയാണ് സിയാലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനം കടന്ന് പോകുന്നത്.
കാല്‍ നൂറ്റാണ്ടുകൊണ്ട് കേരളത്തിന്റെ തന്നെ ചിറകായി മാറികഴിഞ്ഞിരിക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം. രാഷ്ട്രപതി കെ.ആർ.നാരായണൻ 1999 മേയ് 25ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ പത്തിനാണ് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം പറന്നുപൊങ്ങിയത്. ആദ്യ വർഷം 5 ലക്ഷത്തിൽ താഴെ യാത്രക്കാർ. ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം ഒരു കോടി 5 ലക്ഷം കവിഞ്ഞു. കേരളത്തിന്റെ ആകെ വിമാനയാത്രക്കാരുടെ 63% കൈകാര്യം ചെയ്യുന്ന വിമാനത്താവളം കൂടിയാണ് കൊച്ചി. ഇന്ത്യയ്ക്കകത്തും പുറത്തുമായി 29 വിമാനക്കമ്പനികൾ ഇവിടെ നിന്ന് 38 നഗരങ്ങളിലേക്ക് പറക്കുന്നു. ഇന്ത്യന്‍ വ്യോമയാനരംഗത്തിന് 16 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കണക്കാക്കിയിരിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള വികസനപദ്ധതിയാണ് എം.ഡി എസ് സുഹാസിന്റെ നേതൃത്വത്തില്‍ സിയാല്‍ ബോര്‍ഡ് തയാറാക്കിയിട്ടുള്ളത്. രജത ജൂബിലി വര്‍ഷത്തില്‍ 7 മെഗാ പ്രോജക്ടുകളാണു നടപ്പാക്കുന്നത്.
2030 ആകുമ്പോഴേക്കും ലാന്‍ഡിങ് ചാര്‍ജില്ലാത്ത വിമാനത്താവളമാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ മാറ്റണമെന്നാണ് സിയാല്‍ സ്ഥാപക എംഡി വി.ജെ കുര്യന്റെ നിര്‍ദേശം. സിയാല്‍ ഇനിയും ഏറെ മുന്നോട്ട് കുതിക്കണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും നേരിട്ടു വിമാനസർവീസ് വേണം. ദുബായ്, ഫ്രാങ്ക്ഫർട്ട് പോലെ മറ്റൊരു വ്യോമയാന ഹബ് ആയി മാറാൻ കൊച്ചിക്കു കഴിയും. തിരക്ക് കൂടുന്നതിനാൽ രണ്ടാമത്തെ റൺവേയും വേണം.
കൊച്ചി രാജ്യാന്തര പ്രശസ്തമായത് ഹരിത വൈദ്യുതി ഉത്പാദനത്തിലൂടെയാണ്. 2015 മുതൽ സൗരോർജം കൊണ്ടു മാത്രം പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനത്താവളമായി. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലാഭത്തിലായ വിമാനത്താവളവുമാണ് കൊച്ചി.