ബാര്‍ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരില്ല. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് അന്വേഷണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. ഡ്രൈഡേ മാറ്റാനും സമയം കൂട്ടാനും സമ്മര്‍ദം ചെലുത്തിയത് മുഹമ്മദ് റിയാസാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇതൊന്നും നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. കാര്യങ്ങള്‍ എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തന്റെ വകുപ്പിന്റെ കാര്യമല്ലെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.

അതേസമയം, മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ സര്‍ക്കാരിന് കോഴ നല്‍കണമെന്നുള്ള ശബ്ദരേഖയേക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുക പ്രാഥമിക അന്വേഷണം. ഉടന്‍ കേസെടുക്കുകയോ ആരെയും പ്രതിചേര്‍ക്കുകയോ ചെയ്യില്ല. പ്രാഥമിക അന്വേഷണം നടത്തി ഗൂഡാലോചനയോ പണപ്പിരിവോ കണ്ടെത്തിയാല്‍ മാത്രം കേസെടുക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം യൂണിറ്റ് എസ്പി മധുസൂദനന്‍ മേല്‍നോട്ടം വഹിക്കും. എറണാകുളവും ഇടുക്കിയും ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്നും സംഘത്തില്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. മന്ത്രി എം.ബി. രാജേഷ് നല്‍കിയ പരാതിയിലാണ് നടപടി.

ദ്യനയ പരിഷ്കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിറോ മലബാര്‍ സഭ. മദ്യവ്യാപനത്തിന് ഇടയാക്കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് പിന്‍മാറണം. ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞവര്‍ ലഭ്യത കൂട്ടുകയാണെന്ന് ഫാ. ആന്‍റണി വടക്കേക്കര കുറ്റപ്പെടുത്തി.അതിനിടെ, ബാര്‍ക്കോഴ ആരോപണത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താലയില്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മന്ത്രി എം.ബി.രാജേഷിന്‍റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. 

പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.ബി. രാജേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.ബാര്‍കോഴ ആരോപണം സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. നോട്ടെണ്ണുന്ന യന്ത്രം വി.ഡി.സതീശന്റെ വീട്ടിലുണ്ടോയെന്ന് ആദ്യം നോക്കട്ടെ. പഴയ ബാര്‍കോഴ പോലെയല്ല പുതിയതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു

ENGLISH SUMMARY:

Bar bribery row: Congress seeks judicial probe, says Crime Branch inquiry won't reveal truth