premonsoon-kerala-24
  • മല്‍സ്യ തൊഴിലാളികള്‍ കടലില്‍പോകരുത്
  • ഇടിമിന്നലിനും മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യത
  • ശനിയാഴ്ച വരെ മഴ തുടരും

ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ പെരുമഴയില്‍ വലഞ്ഞ് കേരളം.സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും കടലേറ്റവും തുടരുകയാണ്. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ഇടിമിന്നലിനും മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ശനിയാഴ്ച വരെ മഴ തുടരും. 

കൊച്ചിയില്‍ മഴയ്ക്ക് നേരിയ ശമനം. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങി. എന്നാല്‍, എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലും പരിസരത്തും വെള്ളക്കെട്ടുണ്ട്.കാക്കനാട് കീരേലിമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാര്‍ അത്തനേഷ്യസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ്  മാറ്റിയത്. ജില്ലയുടെ മറ്റിടങ്ങളിലും രാത്രി മഴ ലഭിച്ചു.

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. പേരാമ്പ്ര കായണ്ണ മരുതേരി റോഡിലും തൊട്ടില്‍പ്പാലം കള്ളാട് റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി മേപ്പയ്യൂര്‍ സ്വദേശി തങ്കമണിയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. തലയാട്– കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ആലപ്പുഴ ജില്ലയിൽ മഴയെത്തുടർന്ന്  ദേശീയപാതയോരത്ത് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ താത്കാലിക കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ച് അടിയന്തരമായി നീക്കാൻ തീരുമാനം. ദേശീയപാത അതോറിറ്റിയെ ജലസേചന വകുപ്പ് സഹായിക്കും. ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 56 സ്ഥലങ്ങളിലാണ് വെള്ളക്കെട്ട്. ആവശ്യമായ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകളും  വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ലൈറ്റുകളും സ്ഥാപിക്കും. മഴക്കെടുതി കണക്കിലെടുത്ത് സിറ്റി ഗ്യാസ് പൈപ്പ്‌ലൈന്‍ പണികള്‍ താത്കാലികമായി നിര്‍ത്തിവെപ്പിക്കും. വെള്ളക്കെട്ട് നീക്കാനും മഴയെത്തുടർന്നുള്ള സുരക്ഷ കാര്യങ്ങൾ ചർച്ച ചെയ്യാനും മന്ത്രി പി.പ്രസാദിൻ്റെ നേതൃത്വത്തില്‍ ആലപ്പുഴയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കുട്ടനാട്ടിൽ നിന്ന് കടലിലേക്ക് വെള്ളം ഒഴുകുന്നതിന് തോട്ടപ്പള്ളി പൊഴി മുറിക്കും. ദേശീയപാതയില്‍ രൂപപ്പെടുന്ന കുഴികള്‍ കണ്ടെത്തി അടയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കി. ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍ - തുറവൂർ മേഖലയില്‍ കാല്‍നടയാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാനുള്ള നടപടികളും കൈക്കൊള്ളും.

ENGLISH SUMMARY:

Pre-monsoon rain in Kerala; Orange alert in 6 districts