പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെ തുടർന്നുണ്ടായ മത്സ്യക്കുരുതിയിൽ 10 കോടി നഷ്ടമെന്ന് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക വിലയിരുത്തൽ. ഉൾനാടൻ മല്‍സ്യബന്ധനമേഖലയിലെ തൊഴിൽദിന നഷ്ടം വേറെയുമാണ്. പാരിസ്ഥിതികാഘാതം വലുതെന്നും പ്രാഥമിക വിലയിരുത്തൽ.
അതേസമയം മഴ കനത്ത് വെള്ളം ഒഴുകിയെത്തിയതോടെ പെരിയാര്‍ സാധാരണ നിലയിലേക്ക്. വെള്ളത്തിലെ ഓക്സിജന്‍ അളവ് ഉയര്‍ന്നു. കുഫോസിന്‍റെ വിശദമായ പരിശോധന റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കരിമീൻ, പൂളാൻ, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം ഉണ്ടായിരുന്നു.
പെരിയാറിലെ മല്‍സ്യക്കുരുതിയില്‍ സര്‍ക്കാരിന് നിസംഗതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേത് കുറ്റകരമായ അനാസ്ഥയെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ ഏലൂരിലെ മലനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ മത്സ്യകർഷകർക്ക് നഷ്ടപരിഹാരവും ആറുമാസത്തെ സൗജന്യ റേഷനും നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചിരുന്നു.