കോഴിക്കോട് പന്തീരങ്കാവിൽ ദേശീയപാതാ നിർമാണ കമ്പനിയുടെ അശ്രദ്ധ തകർത്തത് അറുപത്തിമൂന്നുകാരിയായ നളിനിയുടെ ഒരു ആയുസ്സിന്റെ സമ്പാദ്യം. വീടും സമ്പാദ്യവുമടക്കം നഷ്ടപ്പെട്ട നാലു കുടുംബങ്ങളാണ് നളിനിയെപ്പോലെ പ്രദേശത്ത് പെരുവഴിയിലായത്.
ഒരു ജന്മം മുഴുവൻ പണിയെടുത്തു നിർമ്മിച്ച വീടാണ്. സ്വരുക്കൂട്ടിയത് അത്രയും ഇവിടെ ചിലവഴിച്ചു. നിനച്ചിരിക്കാതെ എത്തിയ ദുരന്തം തല്ലിക്കെടുത്തിയത് ഈ അമ്മയുടെ സമാധാനമാണ്. ഇനി എവിടെ തല ചായക്കുമെന്നാണ് ഈ 63 കാരിയുടെ ചോദ്യം.
കലിതുള്ളി എത്തിയ പെരുമഴയിൽ പന്തിരുങ്കാവ് സർവീസ് റോഡിന്റെ ഒരു ഭാഗം പൂർണമായി ഇടിഞ്ഞുവീണു. കയ്യിൽ കിട്ടിയതും വാരിക്കൂട്ടി ഇറങ്ങിയോടി. മാറിയുടുക്കാൻ പോലും ഒന്നുമില്ല. 20 അടിയോളം ഉയരത്തിൽ നിന്ന് സർവീസ് റോഡ് നിലം പതിച്ചപ്പോൾ നളിനിയെപ്പോലെ ഭവനരഹിതരായത് നാലു കുടുംബങ്ങൾ.
റോഡ് നിർമ്മാണത്തിന്റെ അപാകത പലതവണ ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ.
നാട്ടുകാർക്ക് ഉണ്ടായ നഷ്ടമത്രയും ഏറ്റെടുത്ത് പരിഹാരം കാണാം എന്നാണ് നിർമ്മാണ കമ്പനിയുടെ ഉറപ്പ്. എന്നാൽ അതിന് ഇനിയും ഏറെ സമയം എടുക്കും. താൽക്കാലികമായി മറ്റിടങ്ങളിലേക്ക് മാറി താമസിച്ചവരടക്കം ആശങ്കയിലാണ്.