സിഗ്നൽ ജംക്ഷനിലെ കുരുക്ക് പഠിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ദേശീയപാതയിൽ യാത്ര നടത്തി. തൃശൂർ മുതൽ അരൂർ വരെയാണ് മന്ത്രിയും സംഘവും സിഗ്നൽ ജംക്ഷനുകൾ പരിശോധിച്ചത്.
ചാലക്കുടി പോട്ട പാപ്പാളി ജംക്ഷനിലാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ആദ്യം എത്തിയത്. നിരന്തരം അപകടം ഉണ്ടാകുന്ന ഇടം. ഇവിടെ പുതിയ രീതിയിൽ ഗതാഗതം ക്രമീകരിക്കും. പിന്നെ, പോട്ട ആശ്രമം ജംക്‌ഷനിൽ പരിശോധനയ്ക്കെത്തി. ദേശീയപാതയിലെ വാഹനങ്ങൾക്ക് കൂടുതൽ സമയം നൽകും. ഓരോ ഇടങ്ങളിലും ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിയെ കാണാനെത്തിയിരുന്നു. ദേശീയപാതയിലെ സിഗ്നലുകളിൽ സമയ ക്രമീകരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സിഗ്നലുകളുടെ കാര്യത്തിൽ ദേശീയപാത അധികൃതരും പൊതുമരാമത്തു വകുപ്പുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മന്ത്രിയും മോട്ടോർ വാഹന വകുപ്പു ഉദ്യോഗസ്ഥരും നടത്തിയ പഠന റിപ്പോർട്ട് പരിഗണിച്ചാകും സിഗ്നൽ പരിഷ്ക്കാരം . ദേശീയപാതയിലെ ഒട്ടുമിക്ക സിഗ്നലുകളിലും കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരിശോധന.