crimebranch-headoffice

ബാര്‍ കോഴയ്ക്കായി പണം പിരിക്കുന്നെന്ന ബാറുടമയുടെ ശബ്ദസന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. എക്സൈസ് മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. അന്വേഷണരീതി ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. 

 

ഇടത് സര്‍ക്കാരിനു നേരെ അഴിമതിയുടെ സംശയമുന ഉയര്‍ത്തിയാണ് വീണ്ടും ബാര്‍കോഴ ആരോപണം. മദ്യനയത്തില്‍  ഇളവിന് പ്രത്യുപകാരമായി കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്നാണ്  സംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോനാണ് ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയച്ചത്

ഇന്നലെ കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ്  ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ഈ ശബ്ദസന്ദേശമിട്ടത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പണപ്പിരിവെന്ന് വിശദീകരിക്കുന്നതിനൊപ്പം സഹകരിച്ചില്ലങ്കില്‍ നാശമെന്ന മുന്നറിയിപ്പുമുണ്ട്.  

വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കെ.എം.മാണിയെ പ്രതിക്കൂട്ടിലാക്കിയ ആദ്യ ബാര്‍കോഴ വിവാദത്തിന് പത്ത് വര്‍ഷമാകാനിരിക്കെ വീണ്ടും ബാര്‍കോഴ എന്ന ആരോപണം കൊടുമ്പിരികൊണ്ടു. പിന്നാലെ മാധ്യമങ്ങളെ കണ്ട അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തല്‍ നിഷേധിച്ച് സര്‍ക്കാരിനെ സംരക്ഷിച്ചു. സംഘടനയില്‍ പണപ്പിരിവുണ്ടെന്ന് സമ്മതിച്ചെങ്കിലും അത് തിരുവനന്തപുരത്ത് കെട്ടിടം പണിയാനാണെന്നാണ് വാദം. കെട്ടിടനിര്‍മാണത്തിലടക്കം എതിര്‍പ്പുള്ള അനിമോന്‍ സമാന്തരസംഘടന രൂപീകരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. .

കെട്ടിടനിര്‍മാണ പണപ്പിരിവിനെതിരെ നേരത്തെ തന്നെ ചിലര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിജിലന്‍സ് അന്വേഷണം തുടങ്ങിയതും വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഡാലോചനയെന്ന് തെളിയിക്കുന്നതായും അസോസിയേഷന്‍ വാദിക്കുന്നു. എന്നാല്‍ ഇന്നലത്തെ യോഗത്തിന്റെ അജണ്ട വരാനിരിക്കുന്ന മദ്യനയവും വ്യവസായം നേരിടുന്ന വിഷയങ്ങളുമായിരുന്നൂവെന്ന് യോഗത്തേക്കുറിച്ചുള്ള അറിയിപ്പില്‍ വ്യക്തമാണ്. ഇതോടെ കെട്ടിടനിര്‍മാണ ഫണ്ടിനാണ് പിരിവെന്ന സംസ്ഥാന പ്രസിഡന്റിന്റെ വാദം ദുര്‍ബലമായി. സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് െചയ്തൊരാള്‍ അതിന് ശേഷം പണപ്പിരിവിന് ശ്രമിച്ചതും ദുരൂഹമാണ്.  ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത്  ശബ്ദസന്ദേശത്തിന്റെ ഉടമ അനിമോനാണ്. അദേഹം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ENGLISH SUMMARY:

Bar bribery allegations surface again, voice message demanding Rs 2.5 lakh from owners leaked