കോഴയായി  പണം നല്‍കിയിട്ടില്ലെന്ന് അണക്കര സ്പൈസ് ഗ്രോവ് ഹോട്ടല്‍ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ അരവിന്ദാക്ഷന്‍. സംഘടന പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഓഫിസ് കെട്ടിടം പണിയുന്നതില്‍ സംഘടനയില്‍ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. സ്പൈസ് ഗ്രോവില്‍ ഓഹരിയുള്ള ആളാണ് ആണ് അനിമോന്‍. കോഴയ്ക്കായി സ്പൈസ് ഗ്രോവ് പണം നല്‍കിയെന്നാണ് അനിമോന്‍റെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്.

സ്പൈസ് ഗ്രോവ് ഉടമ രണ്ടര ലക്ഷം രൂപ നല്‍കിയെന്നും മറ്റുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്നുമായിരുന്നു അനിമോന്‍ ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെട്ടത്. പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് താനിത് അറിയിക്കുന്നതെന്നും സഹകരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും അനിമോന്‍ വ്യക്തമാക്കിയിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കമുള്ള ഇളവുകള്‍ പുതിയ നയത്തിലുണ്ടാകുമെന്നും ഇത് കിട്ടണമെങ്കില്‍ കൊടുക്കാനുള്ളതെല്ലാം കൊടുക്കണമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിന്‍റെ ചുരുക്കം. 

അനിമോന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ പിരിക്കുന്നത് ബില്‍ഡിങ് ഫണ്ടിനായെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിനായി കോഴയായി നല്‍കുന്ന പണമാണിതെന്ന അനിമോന്‍റെ വാദം തള്ളിയാണ് സുനില്‍കുമാര്‍ മാധ്യമങ്ങളെ കണ്ടത്. അനിമോന്‍ ഉള്‍പ്പടെ ചിലര്‍ സംഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുകയാണ്. അനിമോനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലെ തീരുമാനിച്ചെന്നും സുനില്‍കുമാര്‍ വെളിപ്പെടുത്തി. ബാറുടമകളില്‍ നിന്നും വായ്പയായാണ് പണം വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അനിമോന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം.ബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കി. സന്ദേശത്തിന് പിന്നില്‍ ആരാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നത് പോലെ പണപ്പിരിവ് നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ഇ–മെയില്‍ വഴി ഡിജിപിക്ക് അയച്ച പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 

ENGLISH SUMMARY:

Anakkara bar owner on bribe allegation