periyar-board-23
  • മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ നടപടിയായില്ല
  • പുറത്തേക്ക് ഒഴുകുന്നത് ശുദ്ധജലമെന്ന് ബോര്‍ഡ്
  • അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

പെരിയാറിലെ മല്‍സ്യക്കുരുതിക്ക് കാരണം മലിനീകരണനിയന്ത്രണ ബോർഡിന്റെ അലംഭാവമെന്ന് ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാമ്പിൾ ശേഖരണത്തില്‍ അട്ടിമറി നടക്കുന്നുവെന്നും രാസമാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ബോർഡ് പരിശോധനഫലങ്ങൾ അട്ടിമറിക്കുന്നതും പതിവെന്നുമാണ് ആരോപണം. മല്‍സ്യകുരുതിയിൽ അന്വേഷണം തുടരുമ്പോളും വ്യവസായ ശാലകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തടയാൻ നടപടിയില്ല.

തിങ്കളാഴ്ച പാതാളം റെഗുലേറ്റർ തുറന്നപ്പോൾ പെരിയാറിലേക്ക് ഒഴുകിയിറങ്ങിയ ഈമാലിന്യമാണ് മല്‍സ്യകുരുതിക്ക് ഇടയാക്കിയത്.  പെരിയാർ കാളിന്ദിപോലെ കറുപ്പണിഞ്ഞു. പ്രദേശത്തെ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വർഷങ്ങളായി തുടരുന്ന ഈ മര്യാദകേടാണ് പെരിയാറിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ബോട്ടിലിരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഈ നിയമലംഘനം നേരിട്ട് കണ്ടിട്ടും  തടയാൻ ചെറുവിരൽ അനക്കിയിലെന്നതിന് തെളിവാണ് പെരിയാറിന്റെ ഇന്നത്തെ അവസ്ഥ.

വ്യവസായ ശാലകളിൽ നിന്ന് പുറത്തേക്കൊഴുകുന്നത് ശുദ്ധജലമെന്നും അത് തടയില്ലെന്ന നിലപാടിലാണ് ബോർഡ്. പെരിയാറിന്റെ നിലവിലെ ഗുരുതരമായ സ്ഥിതിയിലും ബോർഡിന് ആർജവമുള്ള നിലപാടുകളില്ല. പരിശോധന പോലും അട്ടിമറിക്കപ്പെട്ടുവെന്ന സംശയം ബലപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. പെരിയാറിന്റെ ശപമോക്ഷത്തിന് സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ മലിനീകരണ നിയന്ത്രണ ബോർഡ് സ്വന്തന്ത്രമായി പ്രവർത്തിക്കണം.

ENGLISH SUMMARY:

Allegation against Pollution control board