സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് ബൈക്ക് യാത്രികര്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. എം.സി റോഡില്‍ പത്തനംതിട്ട പന്തളം ചിത്ര ജംക്‌ഷനില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ചായിരുന്നു അപകടം. പറന്തല്‍ മാര്‍ കോളജ് വിദ്യാര്‍ഥി ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശാണ് മരിച്ചത്. കോന്നി പൂവൻപാറയിൽ നിർത്തിയിട്ട ട്രെയിലറിൽ ബൈക്ക് ഇടിച്ചാണ് എലിമുള്ളുംപ്ലാക്കൽ സ്വദേശി ശരത് മരിച്ചത്.

പാലക്കാട് മലമ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ ആനക്കൽ സ്വദേശി കെ.കുര്യാക്കോസ് മരിച്ചു. പാലക്കാട് ഭാഗത്ത് നിന്നും വലിയകാടിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയാണ് എതിരെ വന്ന ബൈക്കിലിടിച്ചത്. ചാലക്കുടിയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് കൊടകര കനകമല സ്വദേശി ബിജു ജേക്കബ് മരിച്ചു.

പാലക്കാട് മണ്ണാർക്കാടിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്. താഴേക്കോട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറ്റ് ആറ് വാഹനങ്ങളുടെ പിന്നിലിടിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെയും കാറിടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ കാർ യാത്രികൻ ഉൾപ്പെടെ മൂന്നുപേരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY:

4 deaths in different road accidents