താനൊരു ഇടതുപക്ഷാനുഭാവിയാണെന്നും വർഗീയതീവ്രവാദികളിൽ നിന്ന് പരമാവധി അകലം പാലിക്കാറുണ്ടെന്നും എഴുത്തുകാരി ദീപ നിശാന്ത്. ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട് എന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം അടുത്ത പോസ്റ്റുമായെത്തുകയായിരുന്നു ദീപ.  

' അമരരാവുക പ്രിയരേ ' എന്ന വാചകവും സ്മൈലിയും ഇൻവർട്ടഡ് കോമയുമിട്ട് ഗണഗീതത്തിലെ വരികൾ പങ്കുവെച്ചപ്പോഴേക്കും ഞാൻ സംഘിയായെന്നും പറഞ്ഞ് അട്ടഹസിക്കുന്ന 'പാരലൽ വേൾഡിൽ 'ബോധമുണ്ടെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ച മനുഷ്യരിൽ ചിലർ കൂടി ചേർന്നത് കണ്ടു. സംഘികളെ മലയാളം പഠിപ്പിക്കുക എന്ന ടാസ്ക് ഏറ്റെടുക്കുന്നത് മനുഷ്യസാധ്യമല്ലെന്ന ബോധ്യളളതു കൊണ്ടും സംഘപരിവാറിൻ്റെ നുണഫാക്ടറിയിലെ ഫുൾടൈം തൊഴിലാളികളായ ഗോമയഭോജികളോട് ഇൻവെർട്ടഡ് കോമയുടെ ഉപയോഗത്തെപ്പറ്റി പറയുന്നതിലെ മണ്ടത്തരം തിരിച്ചറിയുന്നതു കൊണ്ടും കൂടുതൽ പറയുന്നില്ലെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നേരത്തെ എഴുതി ഇവിടെ പങ്കുവെച്ച അതേ കാര്യം ഒരിക്കൽക്കൂടി  ആവർത്തിക്കുന്നു.

ഞാനൊരു ഇടതുപക്ഷാനുഭാവിയാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാഭിമുഖ്യം എന്നത് പരമ്പരയായി കൈമാറി കിട്ടിയതല്ല. വായന, ജീവിതാനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ സ്വേച്ഛയാ രൂപീകരിച്ചിട്ടുള്ള കാഴ്ചപ്പാടാണ്. അതിന് ഒരു കാലത്തുമിനി മാറ്റമുണ്ടാകാനും പോകുന്നില്ല.അതെന്തെങ്കിലും വ്യക്തിപരമായ നേട്ടത്തിനുമല്ല. അങ്ങനെ ഈ നിമിഷം വരെ ഒന്നും നേടിയിട്ടുമില്ല.

ഇടതുപക്ഷത്താണ് ഞാനെന്നതു കൊണ്ട് ഇതരരാഷ്ട്രീയകാഴ്ചപ്പാടുള്ള വ്യക്തികളെ ശത്രുക്കളായി കരുതി മുന്നോട്ടു പോകാറില്ല.തിരിച്ചും  മര്യാദ ലഭിക്കുമെന്നുറപ്പുള്ള വ്യക്തികളോട് ജനാധിപത്യപരമായും സൗഹാർദ്ദപരമായും  ഇടപെടാൻ ശ്രമിക്കാറുണ്ട്.വിമർശനാത്മകമായി പരസ്പരം ഇടപെടാൻ കഴിയുന്ന ജീവിതത്തെത്തന്നെയാണ് ഒരു ജനാധിപത്യജീവിതമായി ഞാൻ കാണുന്നത്. വർഗീയതീവ്രവാദികളിൽ നിന്നും രാഷ്ട്രീയമര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവികളിൽ നിന്നും പരമാവധി അകലം പാലിക്കാറുണ്ട്. അതിനിയും തുടരും.

അധ്യാപിക എന്ന നിലയിൽ എനിക്ക് മുന്നിൽ ക്ലാസ്മുറിയിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഞാൻ കംഫർട്ടായിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ചിലയിടങ്ങളിൽ രാഷ്ട്രീയമര്യാദയോടെ തന്നെ അവരോട് വിയോജിക്കാറുണ്ട്. യോജിച്ച് മുന്നോട്ടു പോകേണ്ട ഇടങ്ങളിൽ അങ്ങനെ തന്നെ പോകാറുമുണ്ട്. ജനാധിപത്യപരവും സൗഹാർദ്ദപരവുമായ അന്തരീക്ഷം ക്ലാസ്സ് റൂമിൽ നിലനിർത്താൻ ഇന്നേവരെ സാധിച്ചിട്ടുണ്ട്. അങ്ങനെയല്ല എങ്കിൽ അത് പറയേണ്ടത് എൻ്റെ വിദ്യാർത്ഥികളാണ്. ഇത് പബ്ലിക് പോസ്റ്റാണ്. അവരത് പറഞ്ഞാൽ, എനിക്കത് ബോധ്യപ്പെട്ടാൽ  തിരുത്താനും തയ്യാറാണ്. 

' അമരരാവുക പ്രിയരേ ' എന്ന വാചകവും സ്മൈലിയും ഇൻവർട്ടഡ് കോമയുമിട്ട് ഗണഗീതത്തിലെ വരികൾ പങ്കുവെച്ചപ്പോഴേക്കും ഞാൻ സംഘിയായെന്നും പറഞ്ഞ് അട്ടഹസിക്കുന്ന 'പാരലൽ വേൾഡിൽ 'ബോധമുണ്ടെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ച മനുഷ്യരിൽ ചിലർ കൂടി ചേർന്നത് കണ്ടു. സംഘികളെ മലയാളം പഠിപ്പിക്കുക എന്ന ടാസ്ക് ഏറ്റെടുക്കുന്നത് മനുഷ്യസാധ്യമല്ലെന്ന ബോധ്യളളതു കൊണ്ടും സംഘപരിവാറിൻ്റെ നുണഫാക്ടറിയിലെ ഫുൾടൈം തൊഴിലാളികളായ ഗോമയഭോജികളോട് ഇൻവെർട്ടഡ് കോമയുടെ ഉപയോഗത്തെപ്പറ്റി പറയുന്നതിലെ മണ്ടത്തരം തിരിച്ചറിയുന്നതു കൊണ്ട്  കൂടുതൽ പറയുന്നില്ല. 

ഒറ്റക്കാര്യം പറഞ്ഞ് നിർത്തുന്നു.നിങ്ങളുടെ മനോരോഗസമാനമായ വിദ്വേഷപ്രചാരണം കൊണ്ട് അടിപതറുന്ന കാലമൊക്കെ കഴിഞ്ഞു. ഞാനിവിടെത്തന്നെ കാണും.

Deepa Nisanth:

Deepa Nisanth facebook post trolled Sangh Parivar