സംസ്ഥാന കോൺഗ്രസിനെ പിടിച്ചുമുറുക്കിയിരിക്കുന്ന കെ.സുധാകരൻ-എ ഗ്രൂപ്പ് പോര് ഹൈക്കമാൻഡിന് മുൻപിലേക്ക്. സുധാകരനെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ന് ഡൽഹിക്ക് പോകുന്ന കെ.സുധാകരനും മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി മുൻ സെക്രട്ടറി എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം.ഹസന്റെ നടപടി റദ്ദാക്കിയതാണ് പോര് രൂക്ഷമാക്കിയത്.
ആക്ടിങ് പ്രസിഡന്റായിരിക്കെ എം.എം.ഹസൻ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് സുധാകരൻ സൂചിപ്പിച്ചിരുന്നെങ്കിലും വളരെ പെട്ടെന്ന് അതിലേക്ക് കടക്കുമെന്ന് എ ഗ്രൂപ്പ് കരുതിയിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രധാനിയായ എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച ഹസന്റെ നടപടി സുധാകരൻ തിരുത്തി. പ്രാഥമിക അംഗത്വം റദ്ദാക്കപ്പെട്ട ഒരാളുടെ സസ്പെൻഷൻ റദ്ദാക്കിയത് സാങ്കേതികമായി തെറ്റാണെന്ന് കൂടി സുധാകരൻ വ്യക്തമാക്കിയത് എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് സുധാകരനെതിരെ പരസ്യമായി നീങ്ങാൻ എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളത്.
ലത്തീഫിനെ പോലെ തന്നെ സുധാകരനെതിരെ പരസ്യമായി നീങ്ങിയ മമ്പറം ദിവാകരനെയും തിരിച്ചെടുത്തിരുന്നു. ഇത് സുധാകരന്റെ ആവശ്യപ്രകാരമായിരുന്നു. ഇക്കാര്യം സുധാകരൻ മറച്ചുവയ്ക്കുകയാണെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. തീരുമാനങ്ങൾ തിരുത്തി ഹസനെ അപമാനിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന പരാതിയാണ് എ ഗ്രൂപ്പ് ഹൈക്കമാൻഡിന് മുൻപിൽ അവതരിപ്പിക്കുക.
അതേസമയം, ആരുമായും കൂടിയാലോചന നടത്താതെയാണ് ലത്തീഫിനെ തിരിച്ചെടുത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. താനുമായി ആലോചിച്ചില്ലെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായിട്ട് എങ്കിലും ആലോചിക്കണമായിരുന്നു. എന്നാൽ, അതുമുണ്ടായില്ലെന്നാണ് കെ.സുധാകരന്റെ പക്ഷം. ഇക്കാര്യം സുധാകരനും ഖർഗെയെ ധരിപ്പിക്കും. ഇതോടെ വോട്ടെണ്ണലിന് മുൻപെ സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡിന് മുൻപിൽ എത്തുകയാണ്.