പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്‍റെ കേരളത്തിലെ അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. വിദേശത്തെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഹുലിനായി പുറപ്പെടുവിച്ചിരുന്ന ബ്ലൂ കോളര്‍ നോട്ടിസ് പൊലീസ് പിന്‍വലിച്ചു. ലുക്ക് ഒട്ട് നോട്ടിസ് പുറത്തിറക്കി. ഗാര്‍ഹിക പീഡനത്തില്‍ പങ്കുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാഹുലിന്‍റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.
താന്‍ രാജ്യം വിട്ടതായി വ്യക്തമാക്കി രാഹുലിന്‍റെ വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വധുവിന്‍റെ വീട്ടുകാരുടെ ഭീഷണി ഭയന്നാണ് രാജ്യം വിടുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകള്‍ക്ക് രാഹുല്‍ അയച്ച വിഡിയോയില്‍ വ്യക്തമാക്കിയിരുന്നത്. രാഹുലിന്‍റെ മൊബൈല്‍ ഫോണ്‍ ബെംഗളൂരുവില്‍ വച്ചാണ് അവസാനമായി പ്രവര്‍ത്തിച്ചത്. പിന്നീട് ഇത് സ്വിച്ച്ഓഫ് ആയി. എന്നാല്‍ മകന്‍ രാജ്യം വിട്ടിട്ടില്ലെന്നും നിലവിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥലത്ത് നിന്നും മാറി നില്‍ക്കുകയാണ് എന്നുമായിരുന്നു രാഹുലിന്‍റെ അമ്മ ഉഷാകുമാരിയുടെ വാദം.
അതേസമയം, സി.ഐയുടെ വീഴ്ചയാണ് രാഹുല്‍ വിദേശത്തേക്ക് കടക്കാന്‍ കാരണമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. നിലവിലെ കേസന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി. സി.ഐ മോശമായാണ് പെരുമാറിയതെന്നും പ്രതിയെ രക്ഷപെടാന്‍ സഹായിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ സി.ഐ സരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്‍ഷനിലായ സി.ഐയും പന്തീരാങ്കാവ് സ്റ്റേഷനിലെ ചില പൊലീസുകാരും മോശമായി പെരുമാറിയെന്ന് മറ്റ് പരാതികളും ഉയര്‍ന്നിരുന്നു. ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാറാട് സ്വദേശി നിമ്മിയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. മകള്‍ക്ക് ഭര്‍തൃ വീട്ടില്‍ പീഡനം നേരിട്ടുവെന്ന് പറഞ്ഞപ്പോള്‍ തെളിവ് കൊണ്ടുവരാനാണ് സി.ഐ ആയിരുന്ന സരിന്‍ ആവശ്യപ്പെട്ടതെന്നും കേസന്വേഷണത്തില്‍ അലംഭാവം വരുത്തിയെന്നുമായിരുന്നു നിമ്മിയുടെ കുടുംബത്തിന്‍റെ ആരോപണം.