• കെ.എം.എം.എല്ലിനെ ഒഴിവാക്കി
  • മണല്‍ നീക്കാന്‍ ഐ.ആര്‍. ഇ ഉപകരാര്‍ നല്‍കും
  • നീക്കം സ്വകാര്യ കമ്പനികളെ സഹായിക്കാനെന്ന് ആക്ഷേപം

വിവാദങ്ങള്‍ക്കിടെ ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ഐ.ആര്‍.ഇയ്ക്കാണ് അനുമതി. തീരത്ത് നിന്നും കരിമണല്‍ നീക്കാന്‍ ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കും. ഈ നീക്കം സ്വകാര്യ കരിമണല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. ഖനനത്തില്‍ നിന്ന് കെ.എം.എം.എല്ലിനെ ഒഴിവാക്കി. 1954 മുതല്‍ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച് മണല്‍ നീക്കം ചെയ്തിരുന്നത് ജലവിഭവ വകുപ്പാണ്.

കുട്ടനാട്ടില്‍ പ്രളയകാലത്തുണ്ടാകുന്ന ജലം ഒഴുക്കി കളയുന്നതിന് വേണ്ടിയാണ് തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കി വന്നിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി ഈ ജോലി സ്വകാര്യ കരിമണല്‍ കമ്പനികളെയാണ് ഏല്‍പ്പിച്ചു വന്നിരുന്നത്. പൊഴിയിലെ മണല്‍ നീക്കം ചെയ്യുന്നതിനൊപ്പം കരിമണല്‍ കൂടി വാരാന്‍ കമ്പനികളെ സഹായിക്കുന്നതാണ് ഈ നീക്കമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്ലിനാണ് കഴിഞ്ഞ വര്‍ഷം ഇതിനുള്ള അനുമതി നല്‍കിയിരുന്നത്. കെ.എം.എം.എല്‍ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനനം ചെയ്തെടുക്കുകയും ചെയ്തു. 

സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട തുകയാണ് ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കുന്നതിലൂടെ നഷ്ടമാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഈ മാസം 26–ാം തിയതി വരെയാണ് ഉപകരാറിനായി ഐ.ആര്‍.ഇ സമയം നിശ്ചയിച്ചിരിക്കുന്നത്. ഐ.ആര്‍.ഇ നേരിട്ട് മണല്‍ ഖനനം നടത്തി മൂല്യവര്‍ധിത വസ്തുക്കളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്നതിന് പകരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു. കരിമണല്‍ ഖനനത്തിനെതിരെ 1400 ദിവസമായി പ്രദേശവാസികള്‍ സമരം നടത്തിവരികയാണ്. പുതിയ തീരുമാനത്തോടെ സമരം ശക്തമാകാനുള്ള സാധ്യതകളും വര്‍ധിച്ചു.

Mineral Mining:

IRE got permission to remove mineral sand from Thottappally