city-gas-scheme-1505

തിരുവനന്തപുരം നഗരത്തില്‍ പന്ത്രണ്ടായിരം വീടുകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതി വഴി അടുത്തമാസം പാചകവാതകം ലഭിക്കും. എജി & പി പ്രഥം കമ്പനിയാണ് വട്ടിയൂര്‍കാവ് അസംബ്ലി മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ വഴി ഗ്യാസ് എത്തിക്കുന്നത്. 120 കോടിയാണ് പദ്ധതി ചെലവ്. 

അടുത്തമാസം 12നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നത്. മെഡിക്കല്‍ കോളജ്, പട്ടം, മുട്ടട വാര്‍ഡുകളില്‍ എല്ലായിടത്തും സിറ്റി ഗ്യാസ് പദ്ധതി എത്തും. കേശവദാസപുരം, കുറവന്‍കോണം, കവടിയാര്‍, പേരൂര്‍ക്കട, നന്ദന്‍കോട്, ശാസ്തമംഗലം, കാഞ്ഞിരംപാറ വാര്‍ഡുകളില്‍ ഭാഗികമായും. സ്മാര്‍ട്റോഡിന്‍റെ നിര്‍മാണം പുരോഗമിക്കുന്ന ശാസ്തമംഗലം – പേരൂര്‍ക്കട റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. ഗ്യാസിനായി അപേക്ഷിച്ചവരുടെ വീടുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഇപ്പോള്‍ 100 രൂപ മുടക്കിയാല്‍ ഗ്യാസിനായി റജിസ്റ്റര്‍ ചെയ്യാനാകും.  

ഗ്യാസ് എത്തുന്ന വീടുകളില്‍ മീറ്ററും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ റീഡിങ് അനുസരിച്ചാണ് പണം അടയ്ക്കേണ്ടത്. യൂണിറ്റിന് 50 രൂപയാണ് നിരക്ക്. എല്‍.പി.ജി സിലിണ്ടറിന്‍റെ വിലയേക്കാള്‍ 120 രൂപ കുറവില്‍ പൈപ്പ് ലൈന്‍ വഴി പാചകവാതകം ലഭിക്കുമെന്നതാണ് ആകര്‍ഷണം. വെണ്‍പാലവട്ടത്തെ പ്ലാന്‍റില്‍ നിന്നാണ് പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് വാതകം എത്തിക്കുന്നത്.

ENGLISH SUMMARY:

City Gas Project; Twelve thousand more houses will get gas.