sabarimala

അഞ്ച് വർഷത്തിന് ശേഷം പമ്പയിൽ പാർക്കിങ്ങിന് ഹൈക്കോടതി അനുമതി നൽകിയ ശേഷം  മാസപൂജയ്ക്ക് നട തുറക്കുന്ന ആദ്യദിവസം ഇന്ന്. ഇടവമാസ പൂജയ്ക്കായി വൈകിട്ട് 5നാണ് നട തുറക്കുന്നത്. ഉച്ചയോടെ വാഹനങ്ങൾ എത്തിത്തുടങ്ങിയേക്കും.   

2018ലെ പ്രളയത്തോടെയാണ് പമ്പയിലെ പാർക്കിങ് നിലച്ചത്. പ്രളയത്തിൽ പാർക്കിങ് ഗ്രൗണ്ടുകൾ മണ്ണ് കയറി മൂടി. ഇതോടെയാണ് പാർക്കിങ് പൂർണമായും നിലയ്ക്കലേക്ക് മാറ്റിയത്. ദേവസ്വം ബോർഡിൻറെ ഹർജിയിലാണ് ഇപ്പോൾ പമ്പയിലെ താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി നൽകിയത്.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ദേവസ്വം ബോർഡിനും പോലീസിനും ലഭിച്ചിട്ടില്ല. ഇന്ന് ഉത്തരവ് ലഭിച്ചശേഷമേ പാർക്കിങ് നടപടികളിൽ വ്യക്തത വരൂ.  ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും ആണ് പാർക്കിങ് അനുമതി. കാറ് വരെയുള്ള വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുവദിക്കൂ. ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടാവൂ എന്നാണ് ഹൈക്കോടതി നിർദ്ദേശം. വലിയ വാഹനങ്ങൾ നിലയ്ക്കലിൽ തന്നെ പാർക്ക് ചെയ്യണം . 800 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.  പമ്പയിലെ പാർക്കിങ് അനുമതി തിരിച്ചടിയാകുമോ എന്ന് കെഎസ്ആർടിസിക്ക് ആശങ്ക ഉണ്ട്. 100 ബസ്സുകൾ ആണ് ഇടവമാസ പൂജയ്ക്കായി അനുവദിച്ചിരിക്കുന്നത്. നേരത്തെ 14 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് പമ്പയിലെത്തി തീർഥാടകരെ ഇറക്കാനും കയറ്റാനും അനുമതി നൽകിയിട്ടും കെഎസ്ആർടിസിയെ ബാധിച്ചിരുന്നില്ല. പതിനെട്ടാം തീയതിയാണ് ശബരിമലയിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ. 19ന് രാത്രി നടയടയ്ക്കും. 

sabarimala pamba parking