കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം പതിനഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും അണയ്ക്കാനായിട്ടില്ല. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് വന്‍ അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക് കത്തിയതിന്റ രൂക്ഷഗന്ധവും പുകയും കാരണം പ്രദേശത്തെ ജനങ്ങളും ബുദ്ധിമുട്ടുകയാണ്. പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിന് ലൈസന്‍സില്ലെന്ന് പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
സംസ്കരണ കേന്ദ്രത്തിന്റ നാല് വശങ്ങളിലും ഒരുപോലെ തീപിടിക്കുകയായിരുന്നു. തീ കണ്ടതോടെ ഉള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ ഇറങ്ങിയോടി. വെള്ളിമാട് കുന്നില്‍ നിന്നുള്ള അഗ്നിശമന എത്തിയെങ്കിലും ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യത്തിലേക്ക് തീ ആളിപ്പടര്‍ന്നതോടെ ഒന്നും ചെയ്യാനായില്ല. മറ്റ് എട്ട് യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തിയെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍
സമീപത്തുണ്ടായിരുന്ന മരങ്ങളെല്ലാം കത്തി നശിച്ചു.രാത്രി മുഴുവന്‍ വീണ്ട നീണ്ട പ്രയ്തനത്തിനൊടുവിലാണ് തീ അല്‍പമെങ്കിലും അണയ്ക്കാനായത്. സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാന്‍ കഴിഞ്ഞത് ആശ്വാസമായി. പ്രദേശത്താകെ പ്ലാസ്റ്റിക് കത്തിയതിന്റ രൂക്ഷഗന്ധവും പുകയുമാണ്. പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ച് കയറ്റുമതി ചെയ്യുന്ന സ്റ്റാര്‍ക്ക് മെറ്റല്‍ എന്ന കമ്പനിക്കാണ് തീപിടിച്ചത്. മൂന്നുമാസം മുമ്പും ഇവിടെ തീ പടര്‍ന്നിരുന്നു
തീപിടിച്ചതിന്റ കാരണം ഇനിയും വ്യക്തമല്ല,കോഴിക്കോട്ടെ അഗ്നിശമന സേനയെ സംബന്ധിച്ചിടത്തോളം ഇത്രയും ശ്രമകരമായ ദൗത്യം അടുത്തകാലത്തിത് ആദ്യമാണ്. അതേസമയം, കോഴിക്കോട് പൂവാട്ടുപറമ്പില്‍ തീപിടിച്ച പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിന് ലൈസന്‍സില്ല. തീപിടിച്ചപ്പോഴാണ് സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതെന്ന് പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത . ഉടമസ്ഥര്‍ കാണിച്ചത് തെറ്റായ രേഖകളെന്നും സുബിത മനോരമ ന്യൂസിനോട് പറഞ്ഞു.