TAGS

പൊതുവിടത്തിലെ സ്ത്രീകളുടെ ഡിഗ്നിറ്റിയെ ബഹുമാനിക്കാൻ എന്നാണ് പഠിക്കുക എന്ന് നടി സജിത മഠത്തിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ചുള്ള ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് സജിത മഠത്തിൽ മലയാളികളുടെ പൊതുബോധത്തെ വിമർശിച്ചത്. കുറിപ്പ് ഇങ്ങനെ:

‘‘1930 കളിൽ പൊതുയിടങ്ങളിലേക്ക് തൊഴിലെടുക്കാൻ വന്ന സ്ത്രീകളിൽ,ഒരു വിഭാഗം നാടക അഭിനയം അവരുടെ പ്രവർത്തന മണ്ഡലമാക്കി. എന്നാൽ മറ്റു രംഗങ്ങളിൽ നിന്നു വ്യത്യസ്തമായി നാടകാഭിനയ രംഗത്തെ സ്ത്രീകളെ, തങ്ങളുടെ മാനസിക ഉല്ലാസത്തിനു ഉപയുക്തമായ വെറും ശരീരങ്ങളായി സമൂഹം കണ്ടു.നടി സമം "അഭിസാരിക" എന്നതിലേക്ക് അവരെ തളച്ചിടാൻ പൊതുബോധം ശ്രമിച്ചു എന്ന് നാടക ചരിത്രകാരന്മാർ തന്നെ പറയുന്നുണ്ട്. അവരുടെ ശരീരത്തിന്റെ മുകളിൽ തങ്ങൾക്ക് അധികാരമുണ്ടെന്ന് കാണികൾ കരുതി. തുടർന്നു വന്ന സിനിമ രംഗത്തിന്റെ അകത്തും പുറത്തും ഇതേ ബോധം തന്നെ തുടർന്നു. ഇന്നും വലിയ മാറ്റമില്ല താനും.

മറ്റു തൊഴിൽ രംഗങ്ങളിലെ സ്ത്രീകളും ഇത് അനുഭവിക്കുന്നില്ലെ? ഉണ്ട്. പക്ഷെ ഇത്ര രൂക്ഷമല്ല എന്നു മാത്രം. ആർഎംപി നേതാവ് ഹരിഹരൻ്റ സംസാരത്തിലും കടന്നു വന്നത് ഇതേ ബോധം തന്നെയാണ്. മഞ്ജു വാര്യർ ഇവിടെ പ്രതിനിധാനം ചെയ്യുന്നത് നടി സമൂഹത്തെയാണ്. അവരെക്കുറിച്ച് അശ്ലീല വീഡിയോ വന്നാൽ അത് സ്വഭാവികമാണ്, എന്നു സ്ഥാപിക്കുന്നത് രാഷ്ട്രീയ സ്ത്രീ ശരീരത്തിനോട് അത്ര പെട്ടെന്ന് ചേർത്തു വെക്കാവുന്നതല്ല അശ്ലീല വീഡിയോ എന്ന പൊതുബോധവും കൂടെ വരും.’’സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇതിനു മുമ്പും പുരുഷ രാഷ്ട്രീയ നേതാക്കൻമാർ പറഞ്ഞിട്ടുണ്ട്. മാപ്പു പോലും പറയാതെ ന്യായീകരിക്കാറുമുണ്ട്. മിനിമം മാപ്പു പറയാൻ ഉള്ള മര്യാദ കാണിച്ചതിൽ സന്തോഷുണ്ടെന്നും സജിത മ​ഠത്തിൽ കൂട്ടിച്ചേർത്തു. പക്ഷെ പൊതുയിടത്തെ സ്ത്രീകളെ ബഹുമാനിക്കാൻ നമ്മൾ എന്നാണ് പഠിക്കുക? എന്നും അവർ ചോദിച്ചു.

Sajitha Madathils Facebook Post against Hariharans anti women remarks‌‌