kuruthipuzhanew

വീണ്ടും അപകട മുനമ്പായി പാലക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടം. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ കയത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണവും കൂടി. പത്ത് വർഷത്തിനിടെ പതിമൂന്നുപേർക്കാണ് കയത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്.  

വളാഞ്ചേരി സ്വദേശിയായ രോഹനാണ് കുരുത്തിച്ചാൽ കയത്തിൽ പൊലിഞ്ഞ ഒടുവിലത്തെയാൾ. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തിലകപ്പെടുകയായിരുന്നു. മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ പ്രകൃതിഭംഗി നിറഞ്ഞ കുരുത്തിച്ചാല്‍ ഒരേസമയം അപകട മുനമ്പുമാണ്. 2020ല്‍ കാടാമ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് സബ് കലക്ടർ ഇടപെട്ട് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയന്ത്രണങ്ങളൊക്കെ ഇല്ലാതായി. ആഘോഷാവസരങ്ങളില്‍ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരുടെ തിരക്കു കൂടുകയും ചെയ്തു. സൈലന്റ് വാലി മലനിരകളില്‍നിന്നുള്ള വെള്ളമാണ് കുരുത്തിച്ചാലിലേക്ക് എത്തുന്നത്. നിറയെ കയങ്ങളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശവുമാണ്. വേനല്‍ മഴ പെയ്താല്‍ പോലും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാകുന്നതിനാല്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടവരും നിരവധിയുണ്ട്. പ്രദേശവാസികളാണ് രക്ഷകരായിട്ടുള്ളത്.

സന്ദര്‍ശക തിരക്ക് കൂടിയതോടെ സാമൂഹ്യ വിരുദ്ധശല്യവും വര്‍ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതർ അടുത്തിടെ സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തുടർ നടപടിയുണ്ടായില്ല. റവന്യൂ വകുപ്പ് സ്ഥാപിച്ച താല്‍ക്കാലിക ചെക് പോസ്റ്റ് തകര്‍ന്നു കിടക്കുന്നതും സന്ദര്‍ശകരുടെ വരവ് എളുപ്പമാക്കുന്നു. വനം, റവന്യൂ, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി  ഇടപെടണമെന്നും പ്രദേശത്ത് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

 

Palakkad kuruthichal waterfall coming dangerous, 13 lives lost in 10 years