kr-gouri-amma

രാഷ്ട്രീയ കേരളത്തിന്‍റെ രക്തനക്ഷത്രം കെ.ആർ ഗൗരിയമ്മ വിടപറഞ്ഞിട്ട് ഇന്ന് മൂന്നാണ്ട്. കെ.ആർ ഗൗരിയമ്മയുടെ പേരിൽ സ്മാരകവും പഠന ഗവേഷണ കേന്ദ്രവും നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഗൗരിയമ്മ സ്ഥാപിച്ച ജനാധിപത്യ സംരക്ഷണ സമിതിയെന്ന രാഷ്ട്രീയ പ്രസ്ഥാനം പല കഷ്ണങ്ങളായി പിളർന്നു. ആലപ്പുഴയിലെ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ഓഫീസും തകർന്നു. 

കേരളത്തിന്‍റെ വീരാംഗന വിടചൊല്ലിയിട്ട് മൂന്നാണ്ട് തികയുമ്പോഴും ഓർമകൾക്ക് മരണമില്ല.  കേരള രാഷ്ട്രീയ ചരിത്രത്തെ സ്വാധീനിച്ച കെ.ആര്‍ ഗൗരിയമ്മയെന്ന വിപ്ലവ നക്ഷത്രത്തിന് ഇതുവരെ ഒരു സ്മാരകം പോലും രാഷ്ട്രീയ തട്ടകമായിരുന്ന ആലപ്പുഴയിലോ സംസ്ഥാനത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തോ ഇല്ല. 2022 ലെ സംസ്ഥാന ബാജറ്റിൽ ഗൗരിയമ്മയ്ക്കു സ്മാരകം നിർമിക്കാൻ രണ്ടു കോടി രൂപ വകയിരുത്തിയിരുന്നു ആലപ്പുഴ ജില്ലാ കലക്ടർ അധ്യക്ഷനായ ഒരു കമ്മിറ്റിയെയും നിയമിച്ചു. എംപിമാർ എംഎൽഎമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഗൗരിയമ്മയുടെ ബന്ധുക്കൾ എന്നിവരുൾപ്പെട്ട സമിതിയുടെ യോഗം ഒരു തവണ മാത്രമാണ് ഇതുവരെ ചേർന്നിട്ടുള്ളത്. 

ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ കളത്തിപ്പറമ്പിൽ വീട് സ്മാരകമാക്കാമെന്ന നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഗൗരിയമ്മതന്നെ ഇത് അടുത്ത ബന്ധുവിന്‍റെ പേരിൽ നേരത്തെ എഴുതിക്കൊടുത്തിരുന്നു. ഭിന്നശേഷി കുട്ടികൾക്കുവേണ്ടിയുള്ള മന്ദിരം, ആശുപത്രിയിൽ പ്രത്യേക വാർഡോ സ്കാനിങ്ങ് കേന്ദ്രമോ സ്ഥാപിക്കണമെന്ന നിർദേശവും ബന്ധുക്കളിൽ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഗൗരിയമ്മയുടെ പേരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശമാണ് മറ്റൊന്ന്. ഗൗരിയമ്മയുടെ പട്ടണക്കാടുള്ള കുടുംബ വീടും സ്ഥലങ്ങളും അന്യാധീനപ്പെട്ടു പോകുന്ന അവസ്ഥയാലാണ്. കാടുപിടിച്ച് തകർന്ന നിലയിലാണ് വീട്.

സിപിഎമ്മിൽ നിന്ന് വിട്ട ശേഷം ഗൗരിയമ്മ സ്ഥാപിച്ച ജെഎസ്എസിന്‍റെ ആലപ്പുഴയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസും തകർന്നു. പാർട്ടിയും പല കഷ്ണങ്ങളായി .കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഗൗരിയമ്മയുടെ ജീവിതത്തോടു ചേർന്നുനിൽക്കുന്നതാണ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിലെ ആദ്യ വനിതാ മന്ത്രിക്ക് ഒരു സ്മാരകം ഉയർത്താൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ ഭരണത്തിലിരിക്കുമ്പോൾ തന്നെ സാധിക്കണം എന്ന ആഗ്രഹമാണ് ഗൗരിയമ്മയെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളത്. 

 

K. R. Gouri Amma's third death anniversary.