സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വത്തിക്കാനിൽ എത്തി. മേജർ ആർച്ച് ബിഷപ്പ് ആയുള്ള സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ മാർപ്പാപ്പയെ സന്ദർശിക്കുന്നത്. സ്ഥിരം സിനഡ് അംഗങ്ങളും അടുത്ത ദിവസം വത്തിക്കാനിലെത്തും.

 

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ കത്തോലിക്ക സഭകളുടെ തലവൻമാൻ സ്ഥാനമേറ്റശേഷം ഔദ്യോഗികമായി സന്ദർശിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ജനുവരിയിൽ സ്ഥാനമേറ്റ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആദ്യ സന്ദർശനത്തിനും അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങുന്നതിനുമാണ് വത്തിക്കാനിൽ എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ പൗരസ്ത്യ കാര്യാലയങ്ങളുടെ പ്രീഫെക്ട് കർദിനാൾ ക്ലൗഡിയോ ഗുജറോത്തി സ്വീകരിച്ചു. തിങ്കളാഴ്ച വത്തിക്കാൻ സമയം രാവിലെ എട്ടിനാണ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 

 

കത്തോലിക്ക സഭയിലും, മാർപ്പാപ്പയോടും സിറോ മലബാർ സഭയുടെ അചഞ്ചലമായ വിശ്വാസപ്രഖ്യാപനം കൂടിയാണ് ഈ കൂടിക്കാഴ്ച. സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ ആർച്ച് ബിഷപ്പുമാരും, കൂരിയ ബിഷപ്പും മേജർ ആർച്ച് ബിഷപ്പിനെ അനുഗമിക്കും. സഭയിലെ പ്രതിസന്ധികളും സന്ദർശന വേളയിൽ ചർച്ചയാകും എന്നാണ് സൂചന. ഈ മാസം 19 വരെയാണ് മേജർ ആർച്ച് ബിഷപ്പ് വത്തിക്കാൻ ഉണ്ടാവുക. ഇതിനിടെ സിറോ മലബാർ സഭയുടെ വത്തിക്കാനുള്ള ഭവനമായ ദോമൂസ് മാർതോമ പ്രൊകൂറയിൽ വച്ച് വിവിധ വത്തിക്കാൻ പ്രതിനിധികളുമായും, സിറോ മലബാർ സഭാംഗങ്ങളായ വൈദികർ, സന്ന്യസ്തർ എന്നിവരുമായും കൂടികാഴ്ച നടത്തും. 19 ന്  ദിവ്യബലിയും അർപ്പിച്ചതിന് ശേഷം സംഘം വത്തിക്കാൻ നിന്ന് മടങ്ങും.

 

Mar Raphael Thattil To Meet Pope