കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിന് പുറമേ റായ്ബറേലിയിലും മത്സരിക്കുമെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിപിഎമ്മിനെ കേരള പാർട്ടിയെന്നാണ് രാഹുൽ ഈ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയും കേരള പാർട്ടിയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കൊപ്പമാണോ മോദിക്കൊപ്പമാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ഉത്തരേന്ത്യയിൽ സംഘപരിവാരത്തിനെതിരെ കോൺഗ്രസ്സിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധി മൽസരിക്കുമോയെന്ന് ചോദിച്ചത് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ ശ്രീ പിണറായി വിജയനാണ്. ശ്രീ പിണറായി വിജയൻ, രാഹുൽ ഗാന്ധി രാഷ്ട്രീയ ഫാഷിസത്തിനെതിരേയും മത്സരിക്കും, അതിനേക്കാൾ ആർജ്ജവത്തോടെ വർഗ്ഗീയ ഫാഷിസത്തിനെതിരെയും മത്സരിക്കും. ഇനി അറിയണ്ടത് കേരള മുഖ്യമന്ത്രിയും കേരള പാർട്ടിയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കൊപ്പമാണോ നരേന്ദ്ര മോദിക്കൊപ്പമാണോ? - രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഷാഫി പറമ്പിലും ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു. 400 അടിക്കുവാൻ പോകുന്നവൻ്റെ ആത്മവിശ്വാസമല്ല പ്രധാനമന്ത്രിയിൽ കാണുന്നതെന്നും ഉള്ളത് നഷ്ടപെടാൻ പോകുന്നവൻ്റെ വെപ്രാളമാണ് അയാളുടെ വാക്കുകളിലെ വർഗ്ഗീയതയെന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. റായ്ബറേലിയിൽ, മതേതര ഇന്ത്യയുടെ നായകനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേഠിയില്‍ കെ.എല്‍ ശര്‍മയാണ് കോൺഗ്രസ് സ്ഥാനാര്‍ഥിയാകുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെയാണ് കെ.എല്‍ ശര്‍മയും രാഹുൽ ഗാന്ധിയും മത്സരിക്കാൻ തീരുമാനിച്ചത്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.
റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ, രാഹുലിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, നിങ്ങൾ ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് പ്രധാനമന്ത്രി മോദി പഹിഹസിച്ചു. പശ്ചിമബംഗാളിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Rahul Mamkootathil fb post against pinarayi vijayan